കൊച്ചി: സിറോ മലബാര്‍ സഭയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സിനഡ് യോഗത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. സഭ ആസ്ഥാനമായ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ രാവിലെ മെത്രാന്മാരുടെ ധ്യാനത്തോടെ സിനഡ് യോഗം ആരംഭിക്കും. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുക മാത്രമായിരിക്കും ഈ സിനഡ് യോഗത്തിലെ അജണ്ട.
എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കങ്ങള്‍ ഉള്‍പ്പടെയുള്ള സഭയിലെ മറ്റ് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നത് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിന് ശേഷമുള്ള സിനഡ് യോഗത്തിലായിരിക്കും. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം രാജിവച്ചതിനുശേഷമുള്ള ആദ്യ സിനഡ് യോഗത്തില്‍ അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താന്‍ സിറോ മലബാര്‍സഭയ്ക്ക് കീഴിലുള്ള 53 ബിഷപ്പുമാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. രഹസ്യ ബാലറ്റിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. ഇന്ന് ആരംഭിക്കുന്ന സിനഡ് ഈ മാസം 13 ന് അവസാനിക്കും.