കോട്ടയം: പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പുതുവത്സര സമ്മാനമായി നൽകുമെന്ന് പറഞ്ഞ വാക്ക് പാലിക്കാനായതിൽ ഏറെ സന്തോഷമെന്ന് തോമസ് ചാഴികാടൻ എംപി. കഴിഞ്ഞ 10 മാസമായി ഇതിനായുള്ള പ്രവർത്തനത്തിലായിരുന്നെന്നും ഇക്കാര്യത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംപിയുടെ പ്രതികരണം.
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെ നേരിൽ കണ്ടു. ചീഫ് പാസ്പോർട്ട് ഓഫീസറുമായി പലവട്ടം സംസാരിച്ചു. പാർലമെന്റിൽ മൂന്നു തവണ സബ്മിഷനായി വിഷയം ഉന്നയിച്ചു. എല്ലാത്തിനുമൊടുവിൽ പാസ്പോർട്ട് കേന്ദ്രത്തിനായി കണ്ടെത്തിയ കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ ജോലികളുടെ തടസ്സം നീക്കാൻ വരെ ഇടപെട്ടുവെന്നും എംപി പറഞ്ഞു.
ഒടുവിൽ ഇക്കാര്യത്തില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ നീക്കം നടത്തുന്നുണ്ടെന്നും വാസ്തവമറിയുന്ന ജനത്തിന് മുന്നില്‍ അവര്‍ പരിഹാസ്യരാകുമെന്നും തോമസ് ചാഴികാടൻ എം പി പറഞ്ഞു. ഈ മാസം 12നാണ് പാസ്പോർട്ട് സേവാ കേന്ദ്രം വീണ്ടും പ്രവർത്തനം തുടങ്ങുന്നത്.