ബെയ്ജിങ്: സഹപാഠിക്ക് 12 ലക്ഷത്തിന്റെ സ്വര്‍ണം നല്‍കി നാലു വയസുകാരന്‍! ചൈനയിലെ സെച്ച്വാന്‍ പ്രവിശ്യയിലാണ് സംഭവം. നഴ്സറിയില്‍ ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയ്ക്ക് ഏകദേശം 12 ലക്ഷം രൂപ വില മതിയ്ക്കുന്ന സ്വര്‍ണബിസ്‌കറ്റുകളാണ് നാലുവയസ്സുകാരന്‍ സമ്മാനമായി കൊടുത്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു സംഭവം. വീട്ടിലെത്തിയയുടനെ പെണ്‍കുട്ടി തനിക്ക് കിട്ടിയ സമ്മാനം അത്യാഹ്ളാദത്തോടെ വീട്ടുകാരെ കാണിച്ചു. മകള്‍ക്കുകിട്ടിയ സമ്മാനം കണ്ട് മാതാപിതാക്കള്‍ ‘ഞെട്ടി’. പിറ്റേദിവസം തന്നെ സമ്മാനം മടക്കിനല്‍കണമെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. സമ്മാനം കൊടുത്ത കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് കാര്യമറിയിക്കുകയും ചെയ്തു.
നാലുവയസ്സുകാരന്റെ മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് ക്ഷമ ചോദിച്ചു. സ്വര്‍ണബിസ്‌കറ്റുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നതുകണ്ട് കൗതുകത്താല്‍ അതെന്തിനാണെന്ന് മകന്‍ ചോദിച്ചപ്പോള്‍ അവന്റെ ഭാവിവധുവിനായാണ് അവ സൂക്ഷിക്കുന്നതെന്ന് മറുപടി നല്‍കിയിരുന്നതായും എന്നാല്‍ ആരുമറിയാതെ ആ ബിസ്‌കറ്റുകളെടുത്ത് അവന്‍ ഏതെങ്കിലും പെണ്‍കുട്ടിയ്ക്ക് നല്‍കുമെന്ന് തങ്ങളൊരിക്കലും കരുതിയിരുന്നില്ലെന്നും കുട്ടിയുടെ അച്ഛനുമമ്മയും പറഞ്ഞു.
2023 ലും ചൈനയില്‍ സമാനമായ സംഭവമുണ്ടായിരുന്നു. കൂട്ടുകാരിയ്ക്ക് അമ്മയുടെ സ്വര്‍ണവളയാണ് നഴ്സറിക്കുട്ടി സമ്മാനിച്ചത്. അധ്യാപിക വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് തന്റെ വള കാണാനില്ലെന്ന കാര്യം അവര്‍ അറിഞ്ഞത്.