ന്യൂഡൽഹി: അതിശൈത്യം തുടരുന്നതിനാല്‍ ഡൽഹിയിൽ നഴ്സറി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും ജനുവരി 12 വരെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.
ജനുവരി 1 മുതല്‍ ഡല്‍ഹിയിലെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. നാളെ ക്ലാസുകള്‍ പുനരാരംഭിക്കാൻ ഇരിക്കെയാണ് പുതിയ ഉത്തരവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്.
അതേസമയം പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, രാജസ്ഥാൻ എന്നിവിടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ അതിശൈത്യം തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു
.
ശനിയാഴ്ച, ദേശീയ തലസ്ഥാനത്ത് പരമാവധി താപനില 15.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 8.2 ഡിഗ്രി സെല്‍ഷ്യസാണ്.