തിരുവനന്തപുരം: വീട്ടില്‍ വൈദ്യുതി റീഡിങ്ങിനെത്തുന്ന മീറ്റര്‍ റീഡര്‍മാര്‍ ഇനി വൈദ്യുതി ബില്ലും സ്വീകരിക്കും. മീറ്റര്‍ റീഡര്‍മാരുടെ കൈവശമുണ്ടാകുന്ന സ്പോട്ടിങ് ബില്‍ മെഷീൻ വഴി ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ പേയ്മെന്റ് ഉപയോഗിച്ച് പണമടക്കാം.
ആൻഡ്രോയ്ഡ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്പോട്ട് ബില്ലിങ് മെഷീനില്‍ ഒരുക്കിയ സ്വൈപിങ് കാര്‍ഡ് സംവിധാനം വഴിയാണ് ഇത് സാധ്യമാകുന്നത്. കെ.എസ്.ഇ.ബി ഓഫിസിലും കാര്‍ഡ് ഉപയോഗിച്ച് പണമടക്കാനാകും.
കാനറ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി.90 രൂപ മാസവാടകയിലാണ് കാനറ ബാങ്ക് മെഷീൻ നല്‍കുന്നത്. ബില്‍തുക പിറ്റേന്ന് രാവിലെ 10.30ന് കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് കൈമാറും. മെഷീന്റെ നെറ്റ്‍വര്‍ക്ക് പരിപാലനവും ഇന്റര്‍നെറ്റ് ഒരുക്കുന്നതും കാനറ ബാങ്കാണ്.