KeralaNEWS

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് പുതിയ തലത്തിലേക്ക്; ഗവര്‍ണര്‍ ഇടുക്കി സന്ദര്‍ശിക്കുന്ന ദിവസം ഹര്‍ത്താല്‍

തിരുവനന്തപുരം: ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് പുതിയ തലത്തിലേക്ക്. ഗവര്‍ണര്‍ ഇടുക്കി സന്ദര്‍ശിക്കുന്ന ദിവസം തന്നെ അവിടെ ഹര്‍ത്താലും, തലസ്ഥാനത്ത് രാജ് ഭവന്‍ മാര്‍ച്ചും തീരുമാനിച്ച ഇടത് മുന്നണി വിട്ട് വീഴ്ചക്കില്ലെന്ന പ്രഖ്യാപനമാണ് നടത്തുന്നത്. എന്നാല്‍, ഇടുക്കിയുമായി ബന്ധപ്പെട്ട സമരം തിരുവനന്തപുരത്ത് നടക്കാനിരിക്കെ അന്നേദിവസം അതേ ജില്ലയില്‍ എത്താനുള്ള തീരുമാനം വഴി താനും പിന്നോട്ടില്ലെന്ന സന്ദേശമാണ് ഗവര്‍ണര്‍ സി.പി.എമ്മിന് നല്‍കുന്നത്.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരിന് യാതൊരു അയവും വന്നിട്ടില്ലെന്ന് മാത്രമല്ല, ഓരോ ദിവസവും കഴിയന്തോറും അത് രൂക്ഷമായി വരികയാണ്. ഗവര്‍ണക്കെതിരായ പ്രതിഷേധത്തിന് ഇടത് മുന്നണി നേരിട്ട് ഇറങ്ങുന്നില്ലെങ്കിലും വര്‍ഗബഹുജന സംഘടനകളും വിദ്യാര്‍ഥി സംഘടനകളും എല്ലാം സമരത്തിന്റെ മുന്‍ നിരയിലുണ്ട്. ഗവര്‍ണക്കെതിരായ എസ്.എഫ്‌ഐ പ്രതിഷേധം സി.പി.എം നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഗവര്‍ണര്‍ പോകുന്ന വഴികളിലെല്ലാം എസ്.എഫ്.ഐയുടെ പ്രതിഷേധം കാണാം.

Signature-ad

ഇതിനെതിരെ ഗവര്‍ണറുടെ കോപം കാണുന്നുണ്ടെങ്കിലും പിന്നോട്ട് പോകേണ്ടെന്നാണ് എസ്എഫ്‌ഐ തീരുമാനം. ഇതിന് പിന്നാലെയാണ് കര്‍ഷക സംഘത്തിന്റെ രാജ് ഭവന്‍ മാര്‍ച്ച് ചൊവ്വാഴ്ച നടക്കുന്നത്. ഇടുക്കിയിലെ കര്‍ഷകരെ ലക്ഷ്യം വച്ചാണ് ഭൂ നിയമ ഭേദഗതി നിയമസഭ ബില്‍ പാസ്സാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. എന്നാല്‍, അതില്‍ ഒപ്പിടാന്‍ തയ്യാറാകാതിരുന്ന ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രക്ഷോഭമുയര്‍ത്തി രാജ്ഭവന്‍ മാര്‍ച്ച് നടത്താനാണ് സിപിഎം തീരുമാനിച്ചത്.

ഈ മാസം ഒമ്പതിനാണ് 10,000 ത്തോളം കര്‍ഷകരെ അണി നിരത്തി കര്‍ഷകസംഘം രാജ് ഭവന്‍ മാര്‍ച്ച് തീരുമാനിച്ചത്. ഇതേ ദിവസം ഗവര്‍ണറെ ഇടുക്കിയില്‍ ഒരു പരിപാടിക്ക് വ്യാപാരി വ്യവസായികള്‍ ക്ഷണിച്ചു. ആദ്യം മൗനം പാലിച്ചിരുന്ന ഗവര്‍ണര്‍ ഈ മാസം രണ്ടിന് ഇതില്‍ പങ്കെടുക്കാനുള്ള സമ്മതം അറിയിച്ചു. ഇതോടെയാണ് അന്നേദിവസം ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്താന്‍ സിപിഎം അനുമതിയോടെ ഇടത് മുന്നണി തീരുമാനിച്ചത്.

ഗവര്‍ണറുടെ ഭരണഘടന വിരുദ്ധ നടപടികള്‍ക്കെതിരായ പ്രതിഷേധം തുടരുമെന്ന സൂചനയാണ് ഹര്‍ത്താലും രാജ് ഭവന്‍ മാര്‍ച്ചും വഴി ഇടത് മുന്നണിയും സി.പി.എമ്മും നല്‍കുന്നത്. അതേദിവസം ഇടുക്കിയിലെത്തുന്ന ഗവര്‍ണര്‍ താനും പിന്നോട്ടില്ലെന്ന സന്ദേശം സര്‍ക്കാരിനും മുന്നണിക്കും നല്‍കുന്നുമുണ്ട്.

 

Back to top button
error: