LIFENEWSTRENDING

വെള്ളം തീയറ്ററിലേക്ക്: പ്രതീക്ഷയോടെ ജയസൂര്യ

കോവിഡ് മഹാമാരിക്ക് ശേഷം തിരശ്ശീലയിൽ വീണ്ടും വെളിച്ചം തെളിഞ്ഞത് ചലച്ചിത്ര പ്രവർത്തകരും ആസ്വാദകരും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രമാണ് കോവിഡിന് ശേഷം തിയറ്ററുകളിലേക്ക് ആദ്യമായി എത്തിയ ചിത്രം. മികച്ച വിജയം നേടി മാസ്റ്റർ മുന്നേറുമ്പോൾ മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത് ജയസൂര്യ നായകനായി എത്തുന്ന വെള്ളം എന്ന ചിത്രത്തിന്റെ റിലീസിന് വേണ്ടിയാണ്. കോവിഡിന് ശേഷം തീയറ്ററിൽ എത്തുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും വെള്ളത്തിന് ഉണ്ട്. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ ആണ് വെള്ളം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

”ക്യാപ്റ്റൻ എന്ന ചിത്രത്തിനുശേഷം പ്രജേഷുമായി ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് വെള്ളം. ക്യാപ്റ്റനേക്കാളും മികച്ച അനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക. മുഴു കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത്. പക്ഷേ മുരളി മദ്യപിക്കുന്നത് ചിത്രത്തിൽ ഒരിടത്തും കാണിക്കുന്നില്ല. വെള്ളം എന്ന ചിത്രത്തെക്കുറിച്ച് പ്രജേഷ് ആദ്യം എന്നോട് പറഞ്ഞ വരി ഇതാണ്. അതെന്നെ ആകർഷിച്ചു. ഒരു കള്ളുകുടിയന്റെ ജീവിതവും അയാളെ ചുറ്റിപ്പറ്റിയുള്ള കുറേ ആളുകളുടെ കഥയുമാണ് വെള്ളം പറയുന്നത്. സാധാരണ കള്ളു കുടിയന്മാരെ ഹ്യൂമറിന് വേണ്ടിയാണ് സിനിമയിൽ ഉപയോഗിക്കുന്നത്. ഈ സിനിമയില്‍ മുരളി എന്ന കഥാപാത്രത്തിനെ എത്രത്തോളം റിയലിസ്റ്റിക് ആക്കാമോ അതിനുവേണ്ടി മാക്സിമം ശ്രമിച്ചിട്ടുണ്ട്” ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു

Back to top button
error: