കോട്ടയം: പുതുവര്‍ഷാഘോഷത്തിന് പിന്നാലെ ഗോവയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം മറവന്തുരുത്ത് കടുക്കര സന്തോഷ് നിവാസില്‍ സഞ്ജയി(19)ന്റെ മൃതദേഹമാണ് ഗോവയില്‍ കടല്‍ത്തീരത്ത് കണ്ടെത്തിയത്.
കൃഷ്ണദേവ്, ജയകൃഷ്ണന് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം 29നാണ് സഞ്ജയ് പുതുവത്സര ആഘോഷത്തിന് ഗോവക്ക് പോയത്. 31ന് വാകത്തൂര്‍ ബീച്ചില്‍ ഡിജെ പാര്‍ട്ടിയില്‍ മൂവരും പങ്കെടുക്കുന്നതിനിടെ യുവാവിനെ കാണാതായെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ഒന്നാം തീയതി ഗോവ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പിന്നീട് കുടുംബത്തെ അറിയിക്കുകയായിരുന്നു. ഗോവയിലെ മലായാളി സംഘടനകളുമായി ബന്ധപ്പെട്ട് ഗോവ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തലയോലപ്പറമ്പ് പൊലീസിലും കുടുംബം പരാതി നല്‍കിയിരുന്നു. ഇതിനിടെ കടല്‍ത്തീരത്ത് ഒരു മൃതദേഹം കണ്ടെത്തിയതായി ഗോവ പോലീസില്‍നിന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും സ്ഥലത്തെത്തി മരിച്ചത് സഞ്ജയ് ആണെന്ന് തിരിച്ചറിയുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച അര്‍ധരാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.