യുഎഇയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നിയമനങ്ങൾ ഉണ്ടായത് നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ. യുഎഇയിലെ തൊഴിലുടമകളിൽ നിന്നുള്ള ഡിമാൻഡിനൊപ്പം, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ ട്രെൻഡുകളും പ്രമുഖ റിക്രൂട്ട്മെന്റ് പോർട്ടലായ നൗകരി ഗൾഫ് ഡോട്ട് കോം വെളിപ്പെടുത്തി.
ഈ റിക്രൂട്ട്മെന്റ് പോർട്ടൽ 10,000ത്തിലധികം തൊഴിലുടമകളും 14 മില്യൺ തൊഴിലന്വേഷകരും ഉപയോഗിക്കുന്നു. അതിനാൽ ഗൾഫ് രാജ്യങ്ങളിലെ തൊഴിലുടമകളുടെ മുൻഗണനകളെക്കുറിച്ച് വ്യക്തമായ റിപ്പോർട്ട് ലഭിക്കുന്നു. അതനുസരിച്ച് യുഎഇയിൽ നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലയാണ് മുന്നിൽ. ഇത് പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന നിർമാണ കുതിച്ചുചാട്ടത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.
ഐടി, ടെലികോം, ഇന്റർനെറ്റ് മേഖലകൾ രണ്ടാം സ്ഥാനത്താണ്. ഉപഭോക്താവിനെ അഭിമുഖീകരിക്കുന്ന ജോലികളിലും സാങ്കേതിക വൈദഗ്ധ്യത്തിലും കഴിവുള്ളവരുടെ ആവശ്യകതയെ സൂചിപ്പിച്ച്, സെയിൽസ് പ്രൊഫഷണലുകളിലും എൻജിനീയർമാരിലും തൊഴിലുടമകൾ ശക്തമായ ശ്രദ്ധ ചെലുത്തി. കൂടാതെ, രാജ്യത്തിന്റെ തൊഴിൽ വിപണി എൻട്രി ലെവൽ പ്രൊഫഷണലുകൾക്ക് ശ്രദ്ധേയമായ മുൻഗണന നൽകി.
2023-ലെ ഏറ്റവും അവസരങ്ങളുള്ള ജോലികളിൽ സെയിൽസ്, പ്രോജക്റ്റ് മാനേജർമാർ, ബിസിനസ് അനലിസ്റ്റ് സ്ഥാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇത് ബിസിനസ് വളർച്ചയ്ക്കും നവീകരണത്തിനും വഴി തെളിയിക്കുന്ന പ്രൊഫഷണലുകളുടെ ആവശ്യകത വ്യക്തമാക്കുന്നു. യുഎഇയിൽ, ഉപഭോക്തൃ സേവനത്തിലും ബിസിനസ് വികസനത്തിലും പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികളെ തൊഴിലുടമകൾ സജീവമായി അന്വേഷിക്കുന്നതായി നൗക്രിഗൾഫ് ഡോട്ട് കോം ബിസിനസ് ഹെഡ് ശരദ് സിന്ധ്വാനി പറഞ്ഞു.
2023ൽ ഗൾഫിലുടനീളം, ഓരോ രാജ്യത്തിന്റെയും തൊഴിൽ വിപണിയിൽ വ്യത്യസ്തമായ പ്രവണതകൾ ഉയർന്നുവന്നു. സൗദി അറേബ്യയിൽ, എണ്ണ, വാതകം, കെമിക്കൽ, ഊർജ മേഖലകൾ തൊഴിൽ പ്രവണതയിൽ ആധിപത്യം പുലർത്തി.
വിൽപന, ബിസിനസ് വികസന റോളുകൾക്കുള്ള ഡിമാൻഡാണ് ഖത്തറിൽ കണ്ടത്. ഒമാനിൽ, എണ്ണ, വാതകം, രാസവസ്തു, ഊർജ മേഖലയുടെ പ്രാധാന്യം പ്രകടമായിരുന്നു. കുവൈറ്റ് നിയമനത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകി, പ്രത്യേകിച്ച് സീനിയർ ലെവൽ തസ്തികകളിലേക്ക്. ബഹ്‌റൈനിൽ നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലകളിലാണ് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായത്.