Social MediaTRENDING

വെറും 29 രൂപയ്ക്ക്  കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് ഒരു ബോട്ട് യാത്ര 

കായലും കരിമീനും ബോട്ട് യാത്രയും.ആഹാ…ഓർക്കുമ്പോൾ തന്നെ കുളിര് കോരുന്നല്ലേ..എന്നാൽ വണ്ടി ആലപ്പുഴയിലേക്കോ കുമരകത്തേക്കോ തിരിച്ചോളൂ.
കരയിൽ അതിരിട്ട്​ നിൽക്കുന്ന തെങ്ങുകൾ, വെള്ളത്തിൽ നീന്തുന്ന താറാവിൻ കൂട്ടങ്ങൾ,  പച്ച പുതച്ച നെൽപ്പാടങ്ങൾ, അതിനിടയിൽ മീൻപിടിക്കുന്ന കുട്ടികൾ, ചെറുവള്ളങ്ങൾ തുഴഞ്ഞു പോകുന്ന നാട്ടുകാർ, നാട്ടുകാഴ്ചകൾ… അങ്ങനെ വ്യത്യസ്​തതയും മനോഹാരിതയുമുള്ള നിരവധി കാഴ്ചകൾ ഇവിടെ നിങ്ങൾക്ക് കാണുവാൻ സാധിക്കും.
ബോട്ട് മുന്നോട്ട് പോകുന്തോറും കാഴ്ചകളും മാറും.കായലിലെങ്ങും ഇര തേടുന്ന അസംഖ്യം പക്ഷികളെ കാണാം. വിദേശികളും സ്വദേശികളുമായ  പക്ഷികൾ പൊങ്ങിയും താഴ്ന്നും ഇരപിടിക്കുന്ന അപൂർവ്വ കാഴ്ച ഏറെ കൗതുകമുണർത്തും. ബോട്ട് പോകുമ്പോൾ കുതിച്ച് ചാടുന്ന ചെറുമീനുകളെ അകത്താക്കാൻ ബോട്ടിന്​ അകമ്പടിയായി ഒരു കൂട്ടം പക്ഷികൾ എപ്പോഴുമുണ്ടാകും.
 
എത്ര കണ്ടാലും മതിവരാത്ത കേരളത്തിലെ ലക്ഷ്യസ്ഥാനങ്ങളാണ് കുമരകവും ആലപ്പുഴയും.. കിഴക്കിന്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നതെങ്കിൽ കേരളത്തിന്‍റെ നെതർലാൻഡ് എന്നാണ് കുമരകം അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും വളരെയധികം താഴെ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ വിശേഷണമുള്ളത്.
വേമ്പനാട് കായലിലൂടെയുള്ള ഹൗസ് ബോട്ടിങ്ങിൽ ഈ നാടുകളിലെ ജീവിതം എങ്ങനെയെല്ലാമെന്നും ഇവിടുത്തെ രൂചിവിഭവങ്ങളെന്തെല്ലാമെന്നുമൊക്കെ  മനസ്സിലാക്കാം.
ചെറുതും വലുതുമായ നിരവധി ഷാപ്പുകളുള്ള സ്ഥലമാണ് ആലപ്പുഴയും കോട്ടയവും. ഇവിടത്തെ കരിമീനും താറാവ്​ കറിയും മറ്റു വിഭവങ്ങളും ആസ്വദിക്കണമെങ്കിൽ മറ്റൊരു യാത്ര തന്നെ പോകേണ്ടി വരും.കുമരകത്തെ കരിമീന്‍ ഊൺ എന്നു കേൾക്കുമ്പോൾ തന്നെ ഭക്ഷണപ്രിയരുടെ വായിലൂടെ കപ്പലോടും.മിക്ക ഹൗസ് ബോട്ടുകളിലും  വെൽകം ഡ്രിങ്കും കരിമീൻ ഫ്രൈ, ചിക്കൻകറി ഉൾപ്പെടെയുള്ള ഉച്ചഭക്ഷണവും ഉണ്ട്. വൈകിട്ട് ചായയും ചെറുകടിയും കൂടി യാത്ര ചിലവിന്റെ ഭാഗമാണ്.
എന്നാൽ യാത്രാ ചിലവ് പോക്കറ്റിൽ ഒതുങ്ങുമോ എന്ന സംശയം കൊണ്ട് നമ്മളിൽ ചിലരെങ്കിലും ഇത്തരം യാത്രകൾ വേണ്ടെന്നു വയ്ക്കും.അവരോടാണ് പറയുന്നത്: നേരെ വണ്ടി എടുത്ത് കോട്ടയം കോടിമത ബോട്ട് ജെട്ടിയിലേക്ക് പോര്. കുറഞ്ഞ ചിലവിൽ കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് ഒരു ബോട്ട് യാത്ര നടത്താം.
കോട്ടയം കോടിമതയില്‍ നിന്നു ആലപ്പുഴയ്ക്കുള്ള ബോട്ട് യാത്ര ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുകയാണ്. കുറഞ്ഞചെലവില്‍ വിനോദ യാത്ര നടത്താമെന്നതുതന്നെയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വേമ്പനാട്ട് കായലിന്‍റെ സൗന്ദര്യം നുകര്‍ന്നുള്ള യാത്ര ഒരു പ്രത്യേക അനുഭൂതി തന്നെയാണ് നൽകുന്നത്. നേരത്തെ വിദേശ ടൂറിസ്‌റ്റുകളെ മാത്രം ആശ്രയിച്ച്‌ നിലനിന്നിരുന്ന മേഖല ഇപ്പോള്‍ പ്രാദേശിക ടൂറിസ്‌റ്റുകളുടെ വരവോടെ വലിയ മുന്നേറ്റത്തിലാണ്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി 12,000 ആയിരുന്നു യാത്രക്കാരുടെ ശരാശരി എണ്ണം. എന്നാല്‍ ഡിസംബറിലെ അവധിക്കാലത്ത് അത് 25,000 ആയി ഉയര്‍ന്നു. തിരക്കുകുറഞ്ഞ മാസങ്ങളില്‍ 2.25 ലക്ഷം രൂപയാണ് ശരാശരി വരുമാനം. ഡിസംബറില്‍ വരുമാനം 3.25 ലക്ഷമായെന്ന് അധികൃതര്‍ അറിയിച്ചു. ഒരുലക്ഷം രൂപയുടെ വരുമാന വര്‍ധനയാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായത്.
കോട്ടയം മുതല്‍ ആലപ്പുഴ വരെ 29 രൂപയാണ് ടിക്കറ്റ് ചാര്‍ജ് എന്നതും ആകര്‍ഷണീയമാണ്. ഇന്നത്തെ കാലത്ത് 29 രൂപയ്ക്ക് ഒരു ബോട്ട് സർവീസ് ലഭിക്കുക എന്ന് പറഞ്ഞാൽ ലോട്ടറിയടിച്ചതിന് തുല്യമല്ലേ. കോടിമതയില്‍ നിന്നും ആലപ്പുഴയ്ക്ക് ദിവസേന അഞ്ചു തവണ ബോട്ടുകൾ സര്‍വീസ് നടത്തുന്നുണ്ട്.
രാവിലെ 6.45നും 11.30നും ഉച്ചയ്ക്ക് ഒന്നിനും ഉച്ചകഴിഞ്ഞ് 3.30നും 5.15നും സര്‍വീസുണ്ട്. ആലപ്പുഴയില്‍ നിന്ന് കോട്ടയത്തേക്ക് രാവിലെ 7.15നും 9.30നും 11.30നും ഉച്ചകഴിഞ്ഞ് 2.30നും 5.15നും ബോട്ട് സര്‍വീസുണ്ട്. മൂന്ന് ബോട്ടുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

Back to top button
error: