
കോട്ടയം: ജാതി സെന്‍സസിനെതിരെയും സംവരണത്തിനെതിരെയും വീണ്ടും വിമര്‍ശനവുമായി എന്‍.എസ്.എസ്. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങള്‍ക്കായുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ജാതി സംവരണം വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ദ്ധയ്ക്കും വര്‍ഗീയതയ്ക്കും കാരണമാകുമെന്നും ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
ചങ്ങനാശ്ശേരിയില്‍ നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിലാണ് ജാതി സെന്‍സസിനെതിരെ എന്‍.എസ്.എസ്. രംഗത്തെത്തിയത്. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങള്‍ക്കായുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണം. ജാതി സംവരണം വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ദ്ധയ്ക്കും വര്‍ഗീയതയ്ക്കും കാരണമാകും. ജാതി സംവരണത്തിന്റെ പേരില്‍ വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും യോഗ്യതയില്‍ വെള്ളം ചേര്‍ക്കപ്പെടുന്നു.- സുകുമാരന്‍ നായര്‍ പറഞ്ഞു.
ജാതി സംവരണം ഉപേക്ഷിക്കണം എന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രതിനിധി സഭ പ്രമേയത്തിലാവശ്യപ്പെടുകയും ചെയ്തു.






