
തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനുവരി അഞ്ച് വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഴ ലഭിച്ചേക്കും. അതേസമയം സംസ്ഥാനത്തെവിടെയും അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. വ്യാഴം, വെള്ളി ദിവസങ്ങളില്‍ എല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ട്.
ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്കന്‍ അറബിക്കടലില്‍ മധ്യഭാഗത്തായി ശക്തി പ്രാപിച്ച് ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍ കാറ്റിന്റെയും സ്വാധീനത്തില്‍ ജനുവരി 4വരെ തെക്കന്‍ കേരളത്തില്‍ മിതമായതോ ഇടത്തരം മഴയ്‌ക്കോ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞദിവസം കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മത്സ്യത്തൊഴിലാളി മുന്നറിയിപ്പ് പ്രകാരം കന്യാകുമാരി തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നാളെയും മറ്റന്നാളും കന്യാകുമാരി തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.






