ദില്ലി: ഇന്ത്യൻ വംശജരായ കോടീശ്വര കുടുംബം അമേരിക്കയിൽ മരിച്ച നിലയിൽ. യുഎസിലെ മസാച്യുസെറ്റ്‌സിലെ ബംഗ്ലാവിലാണ് രാകേഷ് കമാൽ (57), ഭാര്യ ടീന (54), അവരുടെ 18 വയസ്സുള്ള മകൾ അരിയാന എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് സംഭവം. രാകേഷിനെയും കുടുംബത്തെയും ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യൻ വംശജനായ രാകേഷും കുടുംബവും ഏറെ നാളായി അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന രാകേഷ് സ്വന്തമായി ഒരു കമ്പനി നടത്തുകയായിരുന്നു. കോടികൾ സ്വത്തുള്ള രാകേഷും കുടുംബവും ജീവനൊടുക്കിയതിൻറെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. യുഎസിൽ ഐറ്റ് സ്ഥാപനത്തിന് പുറമേ എഡ്യൂനോവ എന്ന പേരിൽ ഒരു എഡ്യുക്കേഷൻ കോച്ചിംഗ് സ്ഥാപനവും രാകേഷും കുടുംബവും നടത്തിയിരുന്നു. എന്നാൽ ഈ കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
2016 ൽ ആണ് രാകേഷും ഭാര്യയും യുഎസിൽ കോച്ചിംഗ് സെൻറർ തുടങ്ങുന്നത്. കമ്പനി വൻ വിജയമായിരുന്നു. 2019ൽ 11 കിടപ്പുമുറികളുള്ള അത്യാധുനിക ബംഗ്ലാവടക്കം ഇവർ സ്വന്തമാക്കിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുർന്ന് 2021 ഡിസംബറിൽ എഡ്യൂനോവ തകർന്നു. ഇതോടെ രാകേഷും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് പിന്നാലെ ആറ് മില്യൺ ഡോളർ മൂല്യമുള്ള ബംഗ്ലാവ് ഇവർ 3 മില്യൺ ഡോളറിന് വിറ്റിരുന്നു. 2022 സെപ്റ്റംബറിൽ പാപ്പർ ഹർജിയും നൽകിയിരുന്നു.
കുറച്ച് ദിവസങ്ങളായി രാകേഷിനെയും കുടുംബത്തെയും ഫോണിലും മറ്റ് സാമൂഹമാധ്യമങ്ങളിലും ബന്ധപ്പെടാനായിരുന്നില്ല, ഇതിൽ ആശങ്ക തോന്നിയാണ് വിവരം പൊലീസിൽ അറിയിച്ചതെന്ന് ബന്ധുക്കൾ പ്രതികരിച്ചു. പൊലീസെത്തുമ്പോൾ വാതിൽ അകത്ത് നിന്നും പൂട്ടിയിട്ട നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കയറിയ പൊലീസ് കണ്ടത് മൂവരുടേയും മൃതദേഹമാണ്. രാകേഷിൻറെ മൃതദേഹത്തിന് സമീപം ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)