പലസ്തീനുമായുള്ള യുദ്ധത്തിനിടെ നിരവധി കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേലിൽ തകർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വൻതോതിൽ തൊഴിലാളികളെ ഇസ്രായേലിന് ആവശ്യമുണ്ട്. എന്നാൽ സംഘർഷത്തെ തുടർന്ന് പലർക്കും പലായനം ചെയ്യേണ്ടി വന്നത് നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
ഈ ആവശ്യം നിറവേറ്റാൻ, ഏകദേശം ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട് എന്ന് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടം എന്ന നിലയിൽ ഉത്തർപ്രദേശിൽ നിന്ന് 10000 നിർമാണതൊഴിലാളികളെ അയക്കാനുള്ള ഒരുക്കങ്ങൾ ദൃതഗതിയിൽ നടന്നുവരുന്നു. സംസ്ഥാനത്ത് നിന്ന് പതിനായിരത്തോളം നിർമാണത്തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കും.
നിർമാണ ജോലികൾക്കായി ഇസ്രായേലിലേക്ക് പോകുന്ന തൊഴിലാളികളെ കുറഞ്ഞത് ഒരു വർഷത്തേയ്ക്കും പരമാവധി അഞ്ച് വർഷത്തേയ്ക്കുമുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. കൊത്തുപണി, ടൈൽസ് വർക്ക്, കല്ല് കെട്ടൽ, വെൽഡിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്തി തുടർനടപടികൾക്കായി അവരുടെ പേരുകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പച്ചക്കൊടി ലഭിച്ചാൽ പാസ്‌പോർട്ട്, വിസ, മറ്റ് ആവശ്യമായ ക്രമീകരണങ്ങൾ എന്നിവ ബന്ധപ്പെട്ട അധികാരികൾ ഒരുക്കും.
പ്രതിമാസം ഏകദേശം 1,40,000 രൂപ ശമ്പളമായി ലഭിക്കും. കമ്പനി ആദ്യം തൊഴിലാളികളെ അഭിമുഖം നടത്തുകയും പിന്നീട് തിരഞ്ഞെടുക്കുകയും ചെയ്യും. ഇസ്രായേലിലേക്ക് പോകുന്ന നിർമാണ തൊഴിലാളികൾ തൊഴിൽ വകുപ്പിൽ മൂന്ന് വർഷത്തേക്ക് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 21 നും 45 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം ഇവർ. യാത്രാ ചിലവ് സ്വയം വഹിക്കണം.