IndiaNEWS

ഇന്‍ഡിഗോ വിമാനത്തില്‍ വിതരണം ചെയ്ത സാന്‍ഡ് വിച്ചില്‍ പുഴു, ഇന്‍സ്റ്റഗ്രാമില്‍ ദുരനുഭവം പങ്കുവെച്ച് യാത്രക്കാരി

    ഇന്‍ഡിഗോ വിമാനത്തില്‍ വിതരണം ചെയ്ത സാന്‍ഡ് വിച്ചില്‍ പുഴു. ഡെല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ഇതിന്റെ ചിത്രങ്ങള്‍ കുശ്ബു ഗുപ്ത എന്ന യാത്രക്കാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇമെയില്‍ മുഖേന ഇന്‍ഡിഗോ അധികൃതര്‍ക്ക് ഉടന്‍ പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി.

‘ഒരു പബ്ലിക് ഹെല്‍ത്ത് പ്രൊഫഷനല്‍ എന്ന നിലയില്‍ സാന്‍ഡ് വിച്ചിന്റെ ഗുണനിലവാരം നല്ലതല്ലെന്ന് അറിയിച്ചിട്ടും ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് മറ്റ് യാത്രക്കാര്‍ക്ക് സാന്‍ഡ് വിച്ച് നല്‍കുന്നത് തുടരുകയായിരുന്നു. യാത്രക്കാരില്‍ കുട്ടികളും പ്രായമായവരും ഉണ്ട്. ആര്‍ക്കെങ്കിലും അണുബാധ ഉണ്ടായാലോ…’ എന്ന് ആശങ്കപ്പെട്ടുകൊണ്ടാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്.

Signature-ad

തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ഒന്നും വേണ്ടെന്നും പകരം, യാത്രക്കാരുടെ ആരോഗ്യവും സുരക്ഷിതത്വവും ആണ് മുന്‍ഗണനയെന്ന് കമ്പനി ഉറപ്പുവരുത്തിയാല്‍ മാത്രം മതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനു പിന്നാലെ യുവതിക്ക് നേരിട്ട ദുരനുഭവത്തില്‍ മാപ്പു പറഞ്ഞ് ഇന്‍ഡിഗോ അധികൃതര്‍ രംഗത്തെത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും വ്യക്തമാക്കി.

‘ഡെല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന 6C 6107 വിമാനത്തില്‍ നേരിട്ട ആശങ്ക യാത്രക്കാരിലൊരാള്‍ പങ്കുവെച്ചു. ഈ അവസരത്തില്‍, വിമാനത്തില്‍ ഭക്ഷണ-പാനീയ സേവനത്തിന്റെ ഉയര്‍ന്ന നിലവാരം നിലനിര്‍ത്താനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഊന്നിപ്പറയാന്‍ ആഗ്രഹിക്കുകയാണ്.

അന്വേഷണത്തിന് ശേഷം ഞങ്ങളുടെ ജീവനക്കാര്‍ സംശയാസ്പദമായ പ്രത്യേക സാന്‍ഡ് വിച്ചിന്റെ വിതരണം ഉടന്‍ നിര്‍ത്തി. അതേകുറിച്ച് അന്വേഷിക്കുകയാണ്. ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നുവെന്ന് ഉറപ്പുതരുന്നു. യാത്രക്കാര്‍ക്ക് എന്തെങ്കിലും അസൗകര്യമുണ്ടായതില്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു.’
ഇതായിരുന്നു ഇന്‍ഡിഗോ അധികൃതരുടെ പ്രതികരണം.

Back to top button
error: