ചങ്ങനാശ്ശേരി താലൂക്കിലെ യും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ആശ്രയ കേന്ദ്രമായ സർക്കാർ ജനറലാശുപത്രിയിൽ 25 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പദ്ധതിയുമായി കിഫ്ബി. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ കെട്ടിടമാണ് ജനറലാശുപത്രിയിൽ പുതുതായി നിർമ്മിക്കാൻ പോകുന്നത്. 25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമിക അവലോകനയോഗം കഴിഞ്ഞദിവസം ജനറലാശുപത്രിയിൽ നടന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നത് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറ്റ്സ് എന്ന സ്ഥാപനമാണ്. പ്രാഥമിക രൂപരേഖ തയ്യാറാക്കി അതിനുശേഷം ഇതിന്മേൽ കൂടുതൽ ചർച്ച നടത്തി ഉടൻതന്നെ അന്തിമ രൂപരേഖ തയ്യാറാക്കി പദ്ധതി സമർപ്പിക്കാൻ ആകുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. പുതിയ കെട്ടിടം ഉയരുന്നതോടെ നിലവിലുള്ള അത്യാഹിതവിഭാഗം 10 കിടക്കകളുള്ള ഡി അഡിക്ഷൻ സെൻറർ ആക്കി മാറ്റാം എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ ഓപ്പറേഷൻ തീയറ്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സ്ഥാനത്താണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അഞ്ചുനില കെട്ടിടം പണിയാൻ ആലോചിച്ചിരുന്നത്. 969 നിർമ്മിച്ച കെട്ടിടമാണ് ഇപ്പോൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടമായി പണിതുയർത്താൻ തീരുമാനിച്ചിരിക്കുന്നത്. 85 കിടക്കകളുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റുമ്പോഴും ഇതിനു സമീപത്തുള്ള പേ വാർഡ് പ്രവർത്തിക്കുന്ന കെട്ടിടം അതേപോലെ നിലനിർത്താനും ആലോചിക്കുന്നുണ്ട്.
പുതിയ കെട്ടിടത്തിന് ഒന്നാംനിലയിൽ മൈനർ ഓപ്പറേഷൻ തിയേറ്റർ, പ്ലാസ്റ്റർ റും, ഡ്രസ്സിങ് റൂം എന്നിവ പ്രവര്‍ത്തിക്കും. മുകളിലത്തെ നിലയിൽ രണ്ട് ക്ലീൻ ഓപ്പറേഷൻ തീയേറ്റർ, ഒരു സെപ്റ്റിക് ഓപ്പറേഷൻ തീയറ്റർ എന്നിവ പ്രവർത്തിക്കും. 115 കിടക്കകൾ പുതിയ കെട്ടിടത്തിൽ ഉണ്ടാവും.
സംസ്ഥാനത്തെ ചെറുതും വലുതുമായ 83 ആശുപത്രികൾ വികസിപ്പിക്കുന്ന പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരുന്നു ഇതിൽ ഉൾപ്പെടുന്നതാണ് ചങ്ങനാശേരി ജനറൽ ആശുപത്രി. അന്തിമ രൂപരേഖ തയ്യാറായതിന് ശേഷം മാത്രമേ എത്ര രൂപ പദ്ധതിക്ക് വേണ്ടി ചെലവിടാൻ സാധിക്കുമെന്ന് പറയാന്‍ കഴിയു എന്ന് കിഫ്ബി അധികൃതര്‍ പറഞ്ഞു