കൊല്ലം: വീട്ടമ്മയുടെ കറവയുള്ള പശുവിനെ മോഷ്ടിച്ച് അറവുകാര്‍ക്ക് വിറ്റ പ്രതിയെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി, ധര്‍മ്മശ്ശേരി വീട്ടില്‍ മുഹമ്മദ്കുഞ്ഞ് മകന്‍ നൗഷാദ് (55) ആണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ക്രിസ്തുമസ് ദിവസം വെളുപ്പിനാണ് കരുനാഗപ്പള്ളി സ്വദേശിയായ സുശീലയുടെ വീട്ടില്‍ നിന്നും രണ്ടു പശുക്കളില്‍ ഒന്നിനെ കാണാതായത്. പശു കെട്ടഴിഞ്ഞു പോയതായിരിക്കാം എന്ന സംശയത്തില്‍ അയല്‍വാസികളോടും നാട്ടുകാരോടും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ പശുവിനെ കണ്ടെത്താനാവാഞ്ഞതോടെ സുശീല കരുനാഗപ്പള്ളി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി പൊലീസ് പ്രദേശത്തും മറ്റും നടത്തിയ അന്വേഷണത്തില്‍ പശുവിനെ കൊണ്ടു പോയ വാഹനത്തെ കുറിച്ച് വിവരം ലഭിച്ചു. ഈ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സുശീലയുടെ അയല്‍വാസിയും പശുവിന്‍റെ കറവക്കാരനും കൂടിയായ നൗഷാദ് ആണ് മോഷ്ടാവെന്ന് പൊലീസിനെ മനസ്സിലായി.
പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പശുവിനെ ഇറച്ചി വെട്ടുകാര്‍ക്ക് വിറ്റതാണെന്ന് കണ്ടെത്തിയത്. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് വയോധികയുടെ ഉപജീവന മാര്‍ഗമായ പശുവിനെ വാങ്ങിയ ഇറച്ചി വെട്ടുകാരില്‍ നിന്നും പശുവിനെ തിരികെ വാങ്ങി ഉടമസ്ഥയ്ക്ക് നല്‍കുകയും ചെയ്തു. കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണര്‍ വി എസ് പ്രദീപ്കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി എസ്എച്ച്ഒ ബിജു വിയുടെ നേതൃത്വത്തില്‍ എസ്ഐമാരായ ഷമീര്‍, ഷിഹാസ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാഷിം,രാജീവ് കുമാര്‍, ബഷീര്‍ ഖാന്‍ തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.