തളര്‍ത്താതെ പരിക്കുകള്‍
സീസണ് ആരംഭിക്കും മുമ്ബേ പരിക്കുകളോട് പടവെട്ടേണ്ടി വന്ന ടീമാണ് ബ്ലാസ്റ്റേഴ്സ്. ഈ വര്‍ഷം ടീമിലേക്ക് റിക്രൂട്ട് ചെയ്ത ആസ്ട്രേലിയൻ താരം ജോഷ്വ സെറ്റിരിയാണ് പരിക്കേറ്റ് മടങ്ങിയ ആദ്യതാരം. പരിശീലന സെഷനിടെ കണങ്കാലിന് പരിക്കേറ്റ താരത്തിന് ഈ സീസണ് നഷ്ടമാകും. ആസ്ട്രേലിയൻ എ ലീഗിലെ ന്യൂകാസില്‍ ജെറ്റ്സില്‍ നിന്ന് രണ്ടു വര്‍ഷത്തെ കരാറിലാണ് ജോഷ്വയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
തൊട്ടുപിന്നാലെ, മിഡ്ഫീല്‍ഡ് എഞ്ചിൻ ജീക്സണ് സിങ്ങും പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നു. തോളിന് പരിക്കേറ്റ താരം ഇപ്പോള്‍ വിശ്രമത്തിലാണ്. ഫെബ്രുവരിയില്‍ ജീക്സണ് ടീമിനൊപ്പം ചേരുമെന്നാണ് കോച്ച് ഇവാൻ പറയുന്നത്. ബ്ലാസ്റ്റേഴ്സിന് മാത്രമല്ല, ഇന്ത്യൻ ദേശീയ ടീമിനും ജീക്സന്റെ പരിക്ക് തിരിച്ചടിയായി. ദേശീയ കോച്ച് ഇഗോര്‍ സ്റ്റിമാച് അതു തുറന്നു പറയുകയും ചെയ്തു.
മുംബൈ സിറ്റി എഫ്സിക്കെതിരെ ഒക്ടോബര്‍ എട്ടിന് നടന്ന കളിക്കിടെയാണ് ജീക്സണ് പരിക്കേറ്റത്. അതേ കളിയില്‍ തന്നെ വിങ് ബാക്ക് ഐബൻ ദോഹ് ലിങ്ങും പരിക്കേറ്റ് മടങ്ങി. ഐബന് ഈ സീസണില്‍ കളത്തിലിറങ്ങനാകില്ല. 27കാരനായ ഡിഫൻഡറെ എഫ്സി ഗോവയില്‍നിന്ന് പൊന്നും വില കൊടുത്താണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ജീക്സണ് പകരം ഡിഫൻസീവ് മിഡ്ഫീല്‍ഡില്‍ കളം നിറഞ്ഞു കളിച്ച മലയാളി വിബിൻ മോഹനനും പരിക്കു പറ്റി വിശ്രമത്തിലാണ്. വിബിന്റെ പരിക്ക് എത്രമാത്രം ഗുരുതമാണ് എന്നറിയില്ല.
ഇതിന് പുറമേയാണ്, സൂപ്പര്‍ താരം അഡ്രിയാൻ ലൂണയുടെ പരിക്ക്. പരിശീലനത്തിടെയാണ് താരത്തിന് പരിക്കേറ്റത്. ഈ സീസണിൽ യുറഗ്വായ് താരത്തിനും പുറത്തിരിക്കേണ്ടി വരും. ലൂണയെ ആശ്രയിച്ചാണ് ടീമിന്റെ ഘടന തന്നെ കോച്ച് ഇവാൻ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുത്ത ലൂണ ഒമ്ബത് കളികളില്‍നിന്ന് മൂന്നു ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാലു അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. ഒരച്ചുതണ്ട് പോലെ ലൂനയില്‍ കറങ്ങിത്തിരിയുന്ന ടീം എന്നത് പ്രശംസയായും വിമര്‍ശനമായും ഉയര്‍ന്നു കേള്‍ക്കുന്നതിനിടെയാണ് ലൂണയില്ലാതെ മൂന്നു വിജയങ്ങൾ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.അതും ടൂർണമെന്റിലെ ശക്തരായ മുംബൈയേയും മോഹൻ ബഗാനെയും വരെ തോൽപ്പിക്കാനായി എന്നതാണ് എടുത്തുപറയേണ്ട നേട്ടം.
കൊല്‍ക്കത്തയില്‍ അവരുടെ തട്ടകത്തില്‍ പോയി ബഗാനെ മലര്‍ത്തിയടിക്കുക എന്ന നേട്ടം അധികമാര്‍ക്കും കഴിയാത്തതാണ്. അതാണ് ഇവാന്റെ സംഘം ബുധനാഴ്ച സ്വന്തം പേരിലാക്കിയത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസിന്റെ വ്യക്തിഗത മികവുള്ള ഗോളാണ് വിജയം സമ്മാനിച്ചത്. ഒരു ഡയമണ്ട് തന്നെയാണ് താനെന്ന് ഡയമന്റകോസ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഏഴ് ഗോളുമായി ഗോള്‍ഡൻ ബൂട്ട് റേസില്‍ ഒന്നമതാണ് ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍.
ബഗാനെതിരെയുള്ള മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ മിഡ്ഫീല്‍ഡിനെ കുറിച്ചും എടുത്തു പറയണം. സഹോദരങ്ങളായ മുഹമ്മദ് ഐമൻ, മുഹമ്മദ് അസ്ഹര്‍, കെ.പി രാഹുല്‍, ഡാനിഷ് ഫാറൂഖ് എന്നിവരായിരുന്നു മധ്യനിരയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഡാനിഷ് ഒഴികെ എല്ലാവരും പരിഭ്രമങ്ങളില്ലാതെ കളിച്ചു. ഇഞ്ച്വറി ടൈമില്‍ കിട്ടിയ പാഴാക്കിയിരുന്നില്ലെങ്കില്‍ രാഹുല്‍ സ്കോറര്‍മാരുടെ പട്ടികയിലും ഇടംപിടിച്ചേനെ. പെട്രടോസ്, ഹ്യൂഗോ ബൗമു എന്നീ അന്താരാഷ്ട്ര നിലവാരമുള്ള കളിക്കാര്‍ ബഗാൻ മധ്യനിരയില്‍ ഉള്ള വേളയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ പരീക്ഷണം.എതിര് താരങ്ങള്‍ക്ക് സ്പേസ് അനുവദിക്കാതെ, കോംപാക്ട് ആയി കളം നിറയാൻ കേരള മധ്യനിരയ്ക്കും പ്രതിരോധത്തിനുമായി.
രണ്ടാം പകുതിയില്‍ ബഗാൻ ആക്രമിച്ചു കളിച്ച വേളയില്‍ പോലും അനുഭവ സമ്ബത്തു കറഞ്ഞ ബ്ലാസ്റ്റേഴ്സ് മധ്യനിര സമചിത്തത കൈവിട്ടില്ല. ഐമനും അസ്ഹറും പന്ത് കാലിലെടുത്ത് ഡ്രിബിള്‍ ചെയ്ത് മുമ്ബോട്ടു പോകാൻ ധൈര്യം കാണിച്ചു. ഫൈനല്‍ തേഡില്‍ ഐമനും രാഹുലിനും ഇടയില്‍ ഉണ്ടായി വരുന്ന കെമിസ്ട്രി അടുത്ത മത്സരങ്ങളില്‍ കൂടുതല്‍ മിഴിവോടെ കാണാം. ടൈറ്റ് സ്പേസില്‍ കുറിയ പാസുകളുമായി കൊണ്ടും കൊടുത്തും ബോക്സിലേക്ക് കടന്നു കയറിയ ഇരുവരെയും ഒരു വേള പണിപ്പെട്ടാണ് ബഗാൻ പ്രതിരോധം പൂട്ടിയത്.
പരിക്കില്‍ നിന്ന് മോചിതനായി മാര്‍കോ ലെസ്കോവിച്ച് പ്രതിരോധത്തിലേക്ക് തിരിച്ചെത്തിയ ശേഷം മൂന്നു മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങിയിട്ടില്ല. ലൂണ പോയ ശേഷം ലഭിച്ച ക്യാപ്റ്റന്റെ ആം ബാൻഡ് ക്രൊയേഷ്യൻ താരത്തെ കൂടുതല്‍ സമര്പ്പിതനായിക്കിയിട്ടുണ്ട്. കളത്തില്‍ സഹകളിക്കാരോട് കൃത്യമായി ആശയവിനിമയം നടത്താനും ആവശ്യമായ വേളയില്‍ നിര്‍ദേശങ്ങള്‍ നല്‍കാനും ശാസിക്കാനും ലെസ്കോവിച്ച് സമയം കണ്ടെത്തുന്നു. വിദേശ ഡിഫൻഡര്‍ മിലോസ് ഡ്രിൻസിച്ചുമൊത്തുള്ള കെമിസ്ട്രിയും മികച്ചതാണ്. പ്രതിരോധത്തില്‍ പ്രായക്കൂടുതലുള്ള പ്രീതം കോട്ടാല്‍ മാത്രമാണ് ചിലപ്പോഴെങ്കിലും പതറി നില്‍ക്കുന്നത്.
ഈ സീസണില്‍ മുംബൈ സിറ്റിയില്‍നിന്ന് ലോണില്‍ ടീമിലെത്തിയ നവോച്ച സിങ്ങിന്റെ പ്രകടനമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. പഞ്ചാബ് എഫ്സിക്കെതിരെയുള്ള മത്സരത്തില്‍ ഫൈനല്‍ തേഡിലേക്ക് 21 തവണയാണ് നവോച്ച പന്തുമായി കടന്നു കയറിയത്. ഈ ലീഗില്‍ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ഫൈനല്‍ തേഡ് എൻട്രിയാണിത്. ബഞ്ചിലിരിക്കുന്ന ഹോര്‍മിപാമും പ്രബീര്‍ ദാസും ആദ്യ ഇലവനില്‍ ഇടം നേടാൻ കെല്‍പ്പുള്ളവരാണ്.
ഉരച്ചുരച്ചു വരുമ്ബോള്‍ തിളങ്ങുന്ന ലോഹം പോലെയാണ് മുന്നേറ്റത്തില്‍ ഡയമന്റകോസ്-പെപ്ര കൂട്ടുകെട്ട്. മത്സരങ്ങള്‍ പുരോഗമിക്കുന്തോറും ഇരുവരും തമ്മിലുള്ള ആശയവിനിമയവും കൊടുക്കല്‍ വാങ്ങലും കൂടിക്കൂടി വരുന്നു. പെനാല്‍റ്റി ബോക്സിലെ പ്രഹര ശേഷിയാണ് ഡയമന്റകോസിന്റെ ബലം. ആദ്യ കളികളില്‍ മറ്റുള്ളവര്‍ക്ക് സ്പേസ് ഉണ്ടാക്കുന്ന ജോലിയാണ് പെപ്ര ചെയ്തതെങ്കില്‍ ഇപ്പോള്‍ ഗോളിലേക്ക് നിര്‍ഭയം നിറയൊഴിക്കാനുള്ള ത്വരയും പെപ്ര കാണിക്കുന്നു. ഷൂട്ടിങ്ങില്‍ കുറച്ചുകൂടി കൃത്യത കാണിച്ചാല്‍ ലീഗിലെ അപകടകാരിയായ സ്ട്രൈക്കര്‍മാരില്‍ ഒരാളായി ഘാന താരം മാറും.
മുന്നേറ്റത്തിലെ വിദേശികള്‍ക്കൊപ്പം ലോക്കല്‍ ബോയ് രാഹുല്‍ കെപി കൂടി ഫോമിലെത്തിയാല്‍ അപാരമായ പ്രഹരശേഷിയിലേക്ക് ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയെത്തും. ബഗാനെതിരെയും മുംബൈയ്ക്കെതിരെയും കളം നിറഞ്ഞു കളിച്ചെങ്കിലും ഗോളെന്നുറച്ച ഒരു ഡസൻ അവസരങ്ങളാണ് രാഹുല്‍ നഷ്ടപ്പെടുത്തിയത്. തുടര്‍ച്ചയായ നാലു മഞ്ഞക്കാര്‍ഡ് കണ്ട രാഹുല്‍ അടുത്ത കളിയില്‍ ഉണ്ടാകില്ല. പകരം ബ്രൈസ് മിറാന്റയോ സൗരവോ ആദ്യ ഇലവനില്‍ ഇടംപിടിക്കും.
ബ്ലാസ്റ്റേഴ്സിന്റെ അക്കാഡമി ഉത്പന്നങ്ങള്‍ കളത്തില്‍ പെരുമ കാണിച്ചു തുടങ്ങിയ സീസണ് കൂടിയാണിത്. ഐമൻ, അസ്ഹര്‍, വിബിൻ, യോഹൻബ മീഠെ, സച്ചിൻ സുരേഷ് എന്നിവരാണ് അക്കാഡമി വഴി സീനിയര്‍ ടീമിലെത്തിയ താരങ്ങള്‍. 19കാരനായ യോഹൻബയുടെ അരങ്ങേറ്റ മത്സരമായിരുന്നു മോഹൻ ബഗാനെതിരെ നടന്നത്.
ഐഎസ്എല്‍ 10-ാം സീസണില്‍ 12 മത്സരങ്ങളില്‍നിന്ന് എട്ട് ജയവും രണ്ട് സമനിലയും രണ്ട് തോല്‍വികളുമായി 26 പോയിന്റോടെ ബ്ലാസ്റ്റേഴ്സ് നിലവില്‍ ഒന്നാം സ്ഥാനത്താണുള്ളത്. രണ്ടാമതുള്ള ഗോവയ്ക്ക്, ഒൻപത് കളികളില്‍നിന്ന് ഏഴ് ജയവും രണ്ട് സമനിലയുമുള്‍പ്പടെ-23 പോയിന്റാണുള്ളത്.മൂന്നാം സ്ഥാനത്ത് മുംബൈയാണുള്ളത്.11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റാണ് അവർക്കുള്ളത്.11 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഒഡീഷ നാലാം സ്ഥാനത്തും നിൽക്കുന്നു.