NEWSWorld

ഓർമയുണ്ടോ ‘മുണ്ടക്കൽ ശേഖര’നെ ‘ദേവാസുര’ത്തിലെയും ‘രാവണപ്രഭു’വിലെയും സൂപ്പര്‍ വില്ലൻ ഇന്ന് അമേരിക്കയിൽ അതിസമ്പന്നനായ കര്‍ഷകൻ

    ‘മുണ്ടക്കല്‍ ശേഖര’നെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. ദേവാസുര’ത്തിലെയും ‘രാവണപ്രഭു’വിലെയും ഈ സൂപ്പര്‍ വില്ലൻ, നെപ്പോളിയന്‍ ദൂരൈസ്വാമി ഇന്ന് യുഎസില്‍ ഏക്കറുകണക്കിന് കൃഷിയുള്ള അതി സമ്പന്നനായ കര്‍ഷകനാണ്. നടന്‍, മുന്‍ കേന്ദ്രമന്ത്രി എന്നീ നിലകളില്‍ പ്രശസ്തനായ നെപ്പോളിയന്‍ തമിഴിലും മലയാളത്തിലും വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ്.

രാഷ്ട്രീയവും സിനിമയും ഉപേക്ഷിച്ച താരം അമേരിക്കയില്‍ വാണിജ്യ അടിസ്ഥാനത്തിൽ പച്ചക്കറിക്കൃഷി നടത്തുകയാണിപ്പോൾ. യുഎസിലെ നാഷ്‌വില്ലെ ടെനിസിയിൽ 300 ഏക്കർ വരുന്ന കൃഷിസ്ഥലത്ത് പച്ചക്കറിക്കൃഷി കൂടാതെ പശു ഫാമും വൈൻ ഉൽപാദനവും നടത്തുന്നുണ്ട്.  2000 ൽ ഇന്ത്യയിൽ ജീവൻ ടെക്നോളജീസ് എന്ന ഐടി കമ്പനി നെപ്പോളിയൻ തുടങ്ങിയിരുന്നു. ഇന്ന് യുഎസിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്.

Signature-ad

മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗബാധിതനായി അരയ്ക്കു താഴെ തളര്‍ന്ന അവസ്ഥയിലായ നെപ്പോളിയന്റെ മൂത്ത മകന്‍ ധനുഷിന്റെ ചികിത്സയും മെച്ചപ്പെട്ട ജീവിതവും ലക്ഷ്യമിട്ടാണ് താരം യുഎസിലേക്കു താമസം മാറ്റിയത്. ധനുഷിനെ കൂടാതെ ഇളയ മകന്‍ ഗുണാല്‍, ഭാര്യ ജയസുധ എന്നിവരും താരത്തിനൊപ്പം യുഎസിലാണ്.  മകന്  സുഖമായി ഉറങ്ങാന്‍ അത്യാധുനിക കിടക്കയാണ് വാങ്ങിയിരിക്കുന്നതെന്ന് നെപ്പോളിയന്‍ യുട്യൂബ് വിഡിയോയില്‍ വെളിപ്പെടുത്തി. ഈ കിടക്കയില്‍ ഫിസിയോതെറാപ്പിക്കു വരെ സൗകര്യമുണ്ട്.

താമസം മൂന്നു നില ‘കൊട്ടാര’ത്തിൽ

മൂന്നു നിലയിലുള്ള കൊട്ടാര സദൃശ്യമായ വീട്ടിലാണ് താരവും കുടുംബവും യുഎസിൽ താമസിക്കുന്നത്. ഹൈടെക് സംവിധാനങ്ങളുള്ള വീട്ടിൽ മൂത്ത മകന് എല്ലാ നിലകളിലും സുഖമായി സഞ്ചരിക്കാൻ ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്വിമ്മിങ് പൂളിൽ എത്തുന്നതിന് വേറെ ലിഫ്റ്റ് സൗകര്യവുമുണ്ട്. ബെൻസും ടെസ്‌ലയും ഉൾപ്പെടെയുള്ള വാഹനങ്ങളും, കുടുംബത്തിനായി ലിഫ്റ്റ് സജ്ജീകരിച്ച പ്രത്യേക വാനുമുണ്ട്. വീടിനുള്ളിൽ ബാസ്കറ്റ്ബോൾ കോർട്ടും കായിക പ്രേമിയായ നെപ്പോളിയൻ നിർമിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ ഡിഎംകെയാണ് നെപ്പോളിയന്റെ തട്ടകം. 2001-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ വില്ലിവാക്കം മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്ക്. 2006 ല്‍  മൈലാപ്പൂര്‍ മണ്ഡലത്തില്‍നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2009 ല്‍ ലോക്‌സഭയിലേക്കു മത്സരിച്ച് ജയിച്ച നെപ്പോളിയന്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍  സാമൂഹികനീതി വകുപ്പില്‍ സഹമന്ത്രിയായിരുന്നു.

അഴഗിരിയുടെ വിശ്വസ്തനായി ഡിഎംകെയിൽ അറിയിപ്പെട്ടിരുന്ന നെപ്പോളിയനെ ഉൾപാർട്ടിപ്പോരിൽ 2014 ൽ പാർട്ടിയിൽനിന്നു പുറത്താക്കി. തുടർന്ന് ബിജെപിയിൽ ചേർന്ന് നെപ്പോളിയൻ തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസിഡന്റുമായി.

Back to top button
error: