KeralaNEWS

ബാധ്യതയാകുമെന്ന് കരുതി മകളെ കൊന്ന് പുഴയിലെറിഞ്ഞു; വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവ്

  കേരളത്തെ നടുക്കിയ വൈഗ കൊലക്കേസിൽ പിതാവ് സനു മോഹനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. എറണാകുളം പോക്സ് കോടതി ജ‍ഡ്ജ് കെ. സോമനാണ് വിധി പുറപ്പെടുവിച്ചത്. 13 വയസ്സുകാരിയായ മകൾ വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാർപുഴയിൽ മൃതദേഹം ഉപേക്ഷിച്ചു എന്നാണ് കേസ്. പ്രതിക്കെതിരേ ചുമത്തിയ എല്ലാകുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെയ്ക്കൽ, ലഹരിക്കടിമയാക്കൽ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങിയവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്.

മുട്ടാർപ്പുഴയിൽ മുങ്ങിമരിച്ച നിലയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത് 2021 മാർച്ച് 22 നാണ്. തലേദിവസം രാത്രി സനു മോഹൻ ഭാര്യ രമ്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിൽ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടിൽ പോകുകയാണെന്നു പറഞ്ഞാണ് അവിടെ നിന്നിറങ്ങിയത്. മകളെയും ഒപ്പം കൂട്ടിയിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താഞ്ഞതോടെ സംശയം തോന്നി വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിറ്റേദിവസം പെൺകുട്ടിയുടെ മൃതദേഹം മുട്ടാർപ്പുഴയിൽ കണ്ടെത്തുകയായിരുന്നു.

പിതാവ് മകളെ കൊലപ്പെടുത്തി സംസ്ഥാനം വിട്ടതാണെന്ന് സൂചന ലഭിച്ചു. മാത്രമല്ല വാളയാർ ചെക്പോസ്റ്റിലൂടെ സനുവിൻ്റെ കാർ കടന്നുപേയതായി സി.സി. ടി.വി ദൃശ്യങ്ങളിൽ നിന്നും മനസ്സിലായി. ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ 2021 ഏപ്രിൽ 18-ന് കർണാടകയിലെ കാർവാറിൽനിന്നാണ് പിടികൂടിയത്.

രാജ്യ വ്യാപകമായി തെളിവെടുപ്പു നടത്തേണ്ടി വന്ന അപൂർവം കൊലക്കേസിൽ ഒന്നായിരുന്നു ഇത്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ബിഹാർ സംസ്ഥാനങ്ങളിൽ പോയി പൊലീസ് തെളിവു ശേഖരിച്ചു.

വൈഗയെ കൊന്നതു താൻ തന്നെയാണെന്നു ചോദ്യം ചെയ്യലിൽ സനു മോഹൻ പൊലീസിനോട് സമ്മതിച്ചു. ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും പിന്നീടു പുഴയിൽ തള്ളുകയുമായിരുന്നു. വൻ സാമ്പത്തിക ബാധ്യതയുള്ളതിനാൽ ആത്മഹത്യ ആലോചിച്ചു. മകളെ പുഴയിലെറിഞ്ഞശേഷം ഒളിവിൽ കഴിയുന്നതിനിടെ 3 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു.

മകളെ കൊന്ന് ഒളിവിൽ പോയ സനു മോഹൻ  മാർച്ച് 22ന് കോയമ്പത്തൂരിലെത്തി. കാർ അവിടെ 50,000 രൂപയ്ക്കു വിറ്റു. ഈറോഡ്, ഉഡുപ്പി വഴി ഏപ്രിൽ 10ന് കൊല്ലൂരിൽ എത്തി.

ഒളിവിൽ കഴിയുന്നതിനിടെ മൊബൈൽ ഫോണോ എടിഎം കാർഡോ ഉപയോഗിച്ചില്ല. കൊല്ലൂരിൽ 6 ദിവസം ലോഡ്ജിൽ തങ്ങിയ ശേഷം പണം കൊടുക്കാതെ മുങ്ങി ഉഡുപ്പി വഴി കാർവാറിലെത്തി. ഗോവയിലേക്കു കടക്കുകയായിരുന്നു ലക്ഷ്യം. കാർവാർ ബീച്ചിൽ, ഞായർ പുലർച്ചെ കർണാടക പൊലീസ് തിരിച്ചറിഞ്ഞതോടെ, അടുത്തുള്ള നിർമാണത്തൊഴിലാളി ക്യാംപിലേക്ക് ഓടിക്കയറി. ഇവിടെ നിന്നാണ് പിടികൂടിയത്.

‘മാർച്ച് 21നു രാത്രിയിൽ കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ വച്ച്, മരിക്കാൻ പോകുന്ന കാര്യവും സാഹചര്യവും വൈഗയോടു പറഞ്ഞു. ആദ്യം തുണി കൊണ്ടു മുഖത്ത് അമർത്തിയും പിന്നീടു കെട്ടിപ്പിടിച്ചും ശ്വാസം മുട്ടിച്ചു. പിന്നീട് ചുമലിലെടുത്തു. ഇതിനിടെ, മകളുടെ മൂക്കിൽ നിന്നു തറയിൽ വീണ ചോരത്തുള്ളികൾ തുണി കൊണ്ടു തുടച്ചു. മകളുടെ മുഖവും തുടച്ചശേഷം പുതപ്പു കൊണ്ടു മൂടി, ചുമലിലെടുത്തു കാറിൽ കിടത്തി. മുട്ടാർ പുഴയിലേക്കു വൈഗയെ എറിഞ്ഞ ശേഷം കാറോടിച്ചു വാളയാർ വഴി കോയമ്പത്തൂരിലെത്തി.’
സനു പൊലീസിനു നൽകിയ മൊഴി.

വൈഗയുടേതു മുങ്ങി മരണമാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, വൈഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടിൽ രക്തത്തിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. വൈഗയെ നിർബന്ധിച്ചു മദ്യം കഴിപ്പിച്ചതാവാം  എന്നാണു പൊലീസ് നിഗമനമെങ്കിലും മദ്യം നൽകിയിട്ടില്ലെന്നാണ് സനുവിന്റെ മൊഴി.

പ്രതി വിറ്റ കാറും മകളെ കൊന്ന ശേഷം അഴിച്ചെടുത്ത ആഭരണങ്ങളും തമിഴ്നാട്ടിൽ നിന്നാണ് വീണ്ടെടുത്തത്. പ്രതി ഉപേക്ഷിച്ച വസ്ത്രങ്ങൾ കർണാടകയിലെയും മഹാരാഷ്ട്രയിലെയും വിവിധ ഭാഗങ്ങളിൽ നിന്നു കണ്ടെടുത്തു. തെളിവുകൾ ഇല്ലാതാക്കാൻ പ്രതി ഉപേക്ഷിച്ച മൊബൈൽ ഫോണും വിറ്റ മറ്റൊരു ഫോണും പൊലീസ് കണ്ടെത്തിയിരുന്നു.

വൈഗ കൊലക്കേസിൽ 240 പേജുള്ള കുറ്റപത്രമാണ് തൃക്കാക്കര പോലീസ് കോടതിയിൽ സമർപ്പിച്ചത്. സനുമോഹൻ്റെ ഭാര്യ, സുഹൃത്തുക്കൾ, ബന്ധുക്കൾ, അപ്പാർട്ട്മെന്റിലെ താമസക്കാർ എന്നിവരടക്കം 300-ഓളം സാക്ഷികൾ ഉണ്ടായിരുന്നു. ഇതിനൊപ്പം 1200 പേജുള്ള കേസ് ഡയറിയും വിവിധ ശാസ്ത്രീയ തെളിവുകളും 70-ഓളം തൊണ്ടിമുതലുകളും പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. 2017-ൽ മഹാരാഷ്‌ട പോലീസ് രജിസ്റ്റർ ചെയ്‌ത ഏഴുകോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതി കൂടിയാണ് സനു.

Back to top button
error: