ഹൃദയം അടക്കം പല അവയവങ്ങളെയും പ്രമേഹം ക്രമേണ ബാധിക്കാമെന്നും, ജീവൻ തന്നെ കവരുന്ന നിലയിലേക്ക് പ്രമേഹം വില്ലനായി മാറാമെന്നുമെല്ലാം ഇന്ന് ഏവരും മനസിലാക്കുന്നുണ്ട്.
നമ്മുടെ രാജ്യമാണെങ്കില്‍ പ്രമേഹത്തിന്‍റെ കാര്യത്തില്‍ ഓരോ ദിനവും കുതിപ്പ് തുടരുകയാണ്. ലോകത്ത് തന്നെ ഇത്രയധികം പ്രമേഹരോഗികളുള്ള മറ്റൊരു രാജ്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ .ഇനി അല്‍പം കൂടി കഴിഞ്ഞാല്‍ ഈ അവസ്ഥ വീണ്ടും പരിതാപകരമാകും എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
പാരമ്ബര്യമായി പ്രമേഹം പിടിപെടാം. ഇതൊരു വശത്ത് ഭീഷണിയായി നില്‍ക്കുന്നുണ്ട്. ഇതിന് പുറമെ നമ്മുടെ മോശം ജീവിതരീതികളും പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാകാറുണ്ട്. അതിനാല്‍ പ്രമേഹം ചെറുക്കണമെങ്കില്‍ എങ്ങനെയാണ് നാമതിലേക്ക് വീണുപോകുന്നത് എന്നതിന്‍റെ യഥാര്‍ത്ഥ ചിത്രം കൂടി അറിഞ്ഞിരിക്കണം.
ഇത്തരത്തില്‍ പ്രമേഹത്തിലേക്ക് നമ്മെ എത്തിക്കുന്ന, ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാരണങ്ങളെ കുറിച്ചാണിനി പറയുന്നത്.
ഒന്ന്…
കായികാധ്വാനങ്ങളേതും ഇല്ലാതെ, വ്യായാമമില്ലാതെ, ശരീരം വേണ്ടവിധം അനങ്ങാതെ തുടരുന്ന ജീവിതരീതിയാണ് പ്രമേഹത്തിന് വലിയൊരു കാരണമായി പിന്നീട് തീരുന്നത്. ഇന്ന് ചെറുപ്പക്കാര്‍ അടക്കം വലിയൊരു വിഭാഗം പേരും ഇതുപോലുള്ള അനാരോഗ്യകരമായ ജീവിതരീതി തന്നെയാണ് തുടരുന്നത്.
വ്യായാമില്ലാതെ ശരീരം അനങ്ങാതിരിക്കുമ്ബോള്‍ രക്തത്തിലെ ഷുഗര്‍ പേശികളിലേക്ക് എനര്‍ജിക്കായി വിനിയോഗിക്കാൻ എത്തുന്നില്ല. ഷുഗര്‍ അങ്ങനെ തന്നെ കിടക്കും. ഇതാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്.
രണ്ട്…
അനാരോഗ്യകരമായ ഭക്ഷണരീതി തന്നെയാണ് മറ്റൊരു കാരണം. ഇത് ഏവര്‍ക്കും അറിയാം. പഞ്ചസാര മാത്രമല്ല വിവിധ രൂപത്തില്‍ നമുക്ക് മുമ്ബിലെത്തുന്ന മധുരം, കാര്‍ബ് എന്നിവയെല്ലാം പ്രമേഹത്തിന് വഴി വെട്ടുന്നു. പ്രധാനമായും പ്രോസസ്ഡ് ഫുഡ്സിന്‍റെ അതിപ്രസരം ആണ് ആളുകളെ വെട്ടിലാക്കുന്നത്.
പുറത്തുനിന്ന് കഴിക്കുന്ന പ്രോസസ്ഡ് ഫുഡ്സ്, പാക്കറ്റ് ഫുഡ്സ് എന്നിവയെല്ലാം പരമാവധി ഒഴിവാക്കി, വീട്ടില്‍ തന്നെ തയ്യാറാക്കുന്ന സാധാരണനിലയിലുള്ള ഭക്ഷണം കഴിച്ചാല്‍ തന്നെ പ്രമേഹം അടക്കം പല രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കാൻ നമുക്ക് കഴിയും. എല്ലാ പോഷകങ്ങളും ലഭ്യമാകുന്ന തരത്തില്‍ വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി ബാലൻസ്ഡ് ആയി വേണം ഡയറ്റ് ക്രമീകരിക്കാൻ.
മൂന്ന്…
രാത്രിയില്‍ കൃത്യമായി ഉറക്കം ലഭിക്കാത്ത അവസ്ഥ, ഇതിനൊപ്പം സ്ട്രെസ്- എന്നിവയാണ് അടുത്തതായി പ്രമേഹത്തിലേക്ക് നമ്മെ നയിക്കുന്ന കാരണങ്ങള്‍. ഇന്ന് ധാരാളം പേര്‍ ഇത്തരത്തില്‍ ഉറക്കമില്ലായ്മയും സ്ട്രെസും മൂലം പ്രയാസം നേരിടുന്നുണ്ട്.
ഈ മൂന്നു പ്രശ്നങ്ങളും പരിഹരിക്കുന്നതാണ് പ്രമേഹത്തെ തടയാൻ നമ്മുടെ മുന്നിലുള്ള ഏറ്റവും ലളിതമായ മാര്‍ഗം. ഉറക്കം ശരിയാകാത്തതും സ്ട്രെസും പ്രമേഹം മാത്രമല്ല മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കും എന്നതും മറക്കരുത്.
രോഗിപോലും അറിയാതെ മെല്ലെമെല്ലെ കടന്നുവരുന്ന ഒരു രോഗമാണ് പ്രമേഹം. നാട്ടിന്‍പുറമെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ നാള്‍ക്കുനാള്‍ കൂടുകയാണ് പ്രമേഹവ്യാപനം. ആണ്‍-പെണ്‍ ഭേദമില്ലാതെ മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും പ്രമേഹം പിടിമുറുക്കുന്നു. അനാരോഗ്യ ഭക്ഷണശീലങ്ങള്‍ക്ക് പ്രമേഹവ്യാപനവുമായി അടുത്ത ബന്ധമുണ്ട്.
നമ്മുടെ ഭക്ഷണസംസ്കാരം അപ്പാടെ മാറി. നാടന്‍ ഭക്ഷണശീലങ്ങളില്‍നിന്ന് അകന്നവരാണേറെയും. മൈദയും കൃത്രിമനിറവും കൊഴുപ്പും മധുരവും അടങ്ങിയ വിഭവങ്ങളുടെ വന്‍ ശേഖരവുമായി ബേക്കറികളും ഹോട്ടലുകളും അരങ്ങുറപ്പിച്ചു. ഇതിലൂടെ വിശക്കാതെതന്നെ ഇഷ്ടമുള്ള ഭക്ഷണം ഏതുനേരത്തും കഴിക്കാം എന്നൊരു സംസ്കാരം നമ്മുടെ ഇടയിൽ രൂപപ്പെട്ടു.
മുമ്പ് വിരലിലെണ്ണാവുന്ന ആഘോഷങ്ങളേ നമുക്കുണ്ടായിരുന്നുള്ളു. ഇന്നാകട്ടെ തൊടുന്നതെല്ലാം ആഘോഷങ്ങളാണ്. അതോടെ ഭക്ഷണംകഴിക്കലും ഒരാഘോഷമായി മാറി. പകര്‍ച്ചവ്യാധിപോലെ പടരുന്ന ടൈപ്പ് 2 പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നതിന് ഇത്തരം സാഹചര്യങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്.
ഭക്ഷണം കൂടുന്നതോടൊപ്പം മെയ്യനങ്ങാതെ, വ്യായാമമില്ലാത്ത അലസ ജീവിതമാണ് ഒട്ടുമിക്കപേര്‍ക്കുമുള്ളത്. ദീര്‍ഘനേരം ഇരുന്നുള്ള തൊഴില്‍സാഹചര്യങ്ങളും വാഹനസൌകര്യങ്ങളുമെല്ലാം സാധാരണ കിട്ടേണ്ട ചലനങ്ങളെക്കൂടി ഇല്ലാതാക്കി. ഇതും പ്രമേഹത്തിനനുകൂലമായ സാഹചര്യം ഒരുക്കി.
പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒഴിവാക്കി ബര്‍ഗറിനും കൃത്രിമപാനീയങ്ങള്‍ക്കും പുറകെ പായുന്ന കൌമാരവും പൊണ്ണത്തടിക്കും പ്രമേഹത്തിനും വഴിയൊരുക്കുകയാണ്.
പ്രമേഹം വരാതിരിക്കാനും പ്രമേഹം വന്നവര്‍ക്ക് നിയന്ത്രണത്തിലാകാനും ആഹാരക്രമീകരണം കൂടിയേതീരു. രക്തത്തിലെ പഞ്ചസാരയുടെ നിലയില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ വരുത്താത്ത സമീകൃതഭക്ഷണം സ്വീകരിക്കാന്‍ ഒരോ മലയാളിയും ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രമേഹ ചികിത്സയില്‍ ഔഷധത്തോളം പ്രാധാന്യം ആഹാരനിയന്ത്രണത്തിനുമുണ്ട്. നിയന്ത്രണം എന്നത് ആഹാരനിഷേധമായി കാണേണ്ടതില്ല. പ്രായം, ശരീരഭാരം, ജോലിയുടെയും അധ്വാനത്തിന്റെയും സ്വഭാവം, ഏതുതരം പ്രമേഹം തുടങ്ങിയ ഘടകങ്ങളെ പരിഗണിച്ചാണ് ക്രമീകരണം നടത്തേണ്ടത്.മൂന്നുനേരം ഭക്ഷണം എന്ന നമ്മുടെ രീതി മാറ്റി അത്രയും അളവുഭക്ഷണം ആറുനേരമായി കഴിക്കുന്നതാണ് പ്രമേഹരോഗിക്ക് കൂടുതല്‍ ഗുണംചെയ്യുക. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറഞ്ഞ് അപകടം ഉണ്ടാകുമെന്നതിനാല്‍ ഒരുനേരംപോലും ഭക്ഷണം ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണം.
അമിതഭക്ഷണം പഞ്ചസാരയുടെ തോത് ഗണ്യമായി ഉയര്‍ത്താറുണ്ട്. അതിനാല്‍ ഒരുനേരം ഭക്ഷണം കഴിക്കാതെ അടുത്തനേരം ഇരട്ടിയായി കഴിക്കുന്ന പ്രവണതയും ഒഴിവാക്കേണ്ടതാണ്. അന്നജം, മാംസ്യം, എണ്ണ, ഉപ്പ് ഇവ മിതമായതോതില്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു സമീകൃത ഭക്ഷണമാണ് നമുക്ക് വേണ്ടത്.രക്തത്തിലെ പഞ്ചസാരയുടെ നിരക്കിനെ ഏറെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ്. ശരീരത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സും ഇതാണ്.
നമ്മുടെ ഭക്ഷ്യവിഭവങ്ങളില്‍ ഒട്ടുമുക്കാലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതാണ്. അതുകൊണ്ടുതന്നെ അന്നജത്തിന്റെ അളവ് കൂടാതിരിക്കാന്‍ പ്രമേഹരോഗി ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ അന്നജങ്ങളും ഒരുപോലെയല്ല ദഹിക്കുന്നതും രക്തത്തിലെ പഞ്ചസാര ഉയര്‍ത്തുന്നതും. അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, ചോളം, റാഗി, തിന, ബാര്‍ലി, കിഴങ്ങുകള്‍, പഴങ്ങള്‍, കരിമ്പ്, പാല്‍വിഭവങ്ങള്‍, പഞ്ചസാര, പച്ചക്കറികള്‍ ഇവയെല്ലാം അന്നജത്തിന്റെ പ്രധാന സ്രോതസ്സുകളാണ്. ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയിലെ അന്നജം വിഘടിച്ച് ലഘുവായി ഗ്ളൂക്കോസായശേഷം മാത്രം രക്തത്തില്‍ കലരുന്നതിനാല്‍ കൃത്യമായ അളവില്‍ ഇവ ഉപയോഗിക്കാം. എന്നാല്‍ ശര്‍ക്കര, പഞ്ചസാര ഇവ പെട്ടെന്നുതന്നെ ഗ്ളൂക്കോസായി രക്തത്തിലെത്തുമെന്നതിനാല്‍ പ്രമേഹരോഗിക്ക് ഗുണമല്ല.