ബ്യൂട്ടി പാർലറിലോ സലൂണിലോ പോയി മുടി കഴുകിയാൽ ബ്രെയിൻ സ്ട്രോക്ക് സംഭവിച്ചേക്കാം…! ഗുരുതരമായ ഈ ‘ബ്യൂട്ടി പാർലർ സ്ട്രോക്ക് സിൻഡ്രോം’ എന്താണ് എന്നറിയുക
ബ്യൂട്ടിപാർലറിൽ പോകാത്ത സ്ത്രീകൾ പരിമിതം. ഇതിൽ പ്രായഭേദങ്ങളില്ല. ബ്യൂട്ടി പാർലറിലോ സലൂണിലോ ഷാംപൂവും കണ്ടീഷണറും മറ്റും ഉപയോഗിച്ച് മുടി കഴുകുന്നത് പലരുടെയും പതിവ്. എന്നാൽ മുടി കഴുകുമ്പോൾ കഴുത്തിൽ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടോ…?
മസാജ് ചെയ്യുമ്പോൾ സംഭവിക്കാവുന്ന, ജീവന് ഭീഷണിയായ ഗുരുതരമായ അവസ്ഥകളെക്കുറിച്ച് നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഹെയർ വാഷ് ചെയ്യുന്നവരിൽ സ്ട്രോക്കും മറ്റ് നാഡീസംബന്ധമായ രോഗലക്ഷണങ്ങളും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി കേസുകൾ മുന്നിലുണ്ട്.
‘ബ്യൂട്ടി പാർലർ സ്ട്രോക്ക് സിൻഡ്രോം’ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ബ്യൂട്ടി പാർലറിലോ സലൂണിലോ ബേസിനിൽ കഴുത്ത് ദീർഘനേരം വെക്കുന്നത് മൂലമാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. 50 വയസിനു മുകളിലുള്ള സ്ത്രീകളിൽ ഈ സിൻഡ്രോം കൂടുതലായി കാണുന്നു. മെഡിക്കൽ സയൻസിൽ ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, സലൂൺ ചികിത്സകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളും സുരക്ഷയുടെ ആവശ്യകതയും മനസിലാക്കേണ്ടതിന്റെ പ്രാധാന്യത്തെ ഈ അവസ്ഥ ഉയർത്തിക്കാട്ടുന്നു.
സലൂണിൽ സ്ട്രോക്ക് ഉണ്ടാക്കുന്നത് എങ്ങനെ …?
തലച്ചോറിന്റെ ഏതെങ്കിലുമൊരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടുകയോ അല്ലെങ്കില്‍ രക്തക്കുഴലുകള്‍ പൊട്ടുകയോ ചെയ്യുന്ന അവസ്ഥയിലാണ് സ്ട്രോക്ക് സംഭവിക്കുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, സലൂണിൽ സ്ത്രീകളുടെ മുടി കഴുകുകയോ ഷാംപൂ ചെയ്യുകയോ ചെയ്യുന്ന സമ്പ്രദായത്തെ ചുറ്റിപ്പറ്റിയാണ് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത. ബേസിനിലേക്ക് മുടി വച്ച് കിടത്തുമ്പോള്‍ കഴുത്തിന്റെ പിൻഭാഗം ചില സന്ദര്‍ഭങ്ങളില്‍ വല്ലാതെ അമര്‍ന്നുപോകാറുണ്ട്. ചില ആരോഗ്യപ്രശ്നങ്ങള്‍ നേരത്തെ ഉള്ളവരില്‍ ഇത്തരത്തില്‍ കഴുത്ത് അധികസമയം അമര്‍ന്നു പോകുമ്പോള്‍ തലച്ചോറിലേക്ക് രക്തയോട്ടം തടസപ്പെടുകയും രക്തക്കുഴലിന് പ്രശ്നം പറ്റുകയും ചെയ്യാം. ഇതോടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജന്റെ അഭാവവും പ്രശ്നം സൃഷ്ടിക്കുന്നു. ഇതുമൂലം സ്ട്രോക്ക് സംഭവിക്കാം.
ലക്ഷണങ്ങൾ ഇവയാണ്
◾മുഖത്തിന്റെയോ കാലിന്റെയോ കൈകളിലെയോ മരവിപ്പ്
◾തലകറക്കം
◾മന്ദഗതിയിലുള്ള സംസാരം അല്ലെങ്കിൽ സംസാരിക്കാൻ ബുദ്ധിമുട്ട്
◾വാക്കുകൾ ഗ്രഹിക്കാനുള്ള ബുദ്ധിമുട്ട്
◾കഠിനവും തുടർച്ചയായതുമായ തലവേദന
◾പെരുമാറ്റത്തിലെ മാറ്റങ്ങൾ
◾ശരീരത്തിലെ മരവിപ്പ്
◾കാഴ്ചയിൽ മങ്ങൽ
◾ഓക്കാനം, ഛർദി, മൈഗ്രെയ്ൻ
◾കഴുത്ത് ഭാഗത്ത് വീക്കം
എങ്ങനെ തടയാം ബ്യൂട്ടി പാർലർ സിൻഡ്രോം…?
തല അധികം വളയാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങൾ സ്ഥാനം മാറ്റുകയും മറ്റൊരാളെ അറിയിക്കുകയും വേണം. ഇതുകൂടാതെ, 10-15 മിനിറ്റിൽ കൂടുതൽ തല ചെരിച്ചു വയ്ക്കരുത്. വീട്ടിൽ തന്നെ കഴിയുന്നത്ര മുടി കഴുകാൻ ശ്രദ്ധിക്കുക. ഒരു പ്രൊഫഷണൽ വ്യക്തിയെ മാത്രം ഉപയോഗിച്ച് മസാജ് ചെയ്യേണ്ടതും പ്രധാനമാണ്.