കൊച്ചി: ഈ രാത്രി നക്ഷത്രങ്ങൾ കൊച്ചിയെ തൊട്ടുരുമ്മി നിന്നു.ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഗ്രൗണ്ടിൽ ആ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങിയപ്പോഴൊക്കെ ഗാലറികളിൽ ചിറകടികൾ ഉയർന്നു പൊന്തി.അവരുടെ കാലുകൾ സംസാരിച്ചപ്പോഴാവട്ടെ ലോകമെങ്ങുമുള്ള, മലയാളികളുടെ ഇടനെഞ്ചിൽ സ്വർഗ്ഗീയ സംഗീതം അലയടിച്ചു.
കൊച്ചിയിൽ 2-0 ന് മുംബൈയെ പഞ്ഞിക്കിട്ട് കേരള ബ്ലാസ്റ്റേഴ്സ് . ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യ തോല്‍വി നേരിട്ടത് മുംബൈ സിറ്റിക്കെതിരെ അവരുടെ തട്ടകത്തിലാണ്. ഒക്ടോബര്‍ എട്ടിന് മുംബൈയില്‍ നടന്ന മത്സരത്തില്‍ 2-1നാണ് ബ്ലാസ്റ്റേഴ്സ് മുംബൈയോട് പരാജയപ്പെട്ടത്. ഇന്ന് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സ് ആ കണക്ക് തീർക്കുകയായിരുന്നു.സീസണിലെ ആദ്യ തോൽവിയായിരുന്നു ഇന്ന് കൊച്ചിയിൽ മുംബൈ നേരിട്ടത്.
ആദ്യ പകുതിയുടെ 14-ാം മിനിറ്റിൽ ദിമിത്രിയോസും ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ പെപ്രയും നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.അതിലുപരി ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയുടെ ആദ്യാവസാനമുള്ള ചെറുത്ത് നിൽപ്പും മത്സരത്തിൽ നിർണ്ണായകമായി.
ഈ സീസണിലെ മുംബൈയുടെ ആദ്യ തോൽവിയാണിത്.ഇതോടെ 11 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്.ഇതേ പോയിന്റോടെ ഗോവയാണ് ഒന്നാം സ്ഥാനത്ത്.ഇതിനു മുൻപ് നടന്ന മത്സരത്തിൽ ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ(1-0) തോൽപ്പിച്ചിരുന്നു.ഗോൾ ആവറേജിലും ബ്ലാസ്റ്റേഴ്സിനേക്കാൾ ഗോവയാണ് മുൻപിൽ.
ഡിസംബർ 27 ന് മോഹൻ ബഗാനുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.