KeralaNEWS

പ്രവാസികളുടെ വിജയഗാഥ, തരിശുപാടത്തെ നെൽകൃഷിയിൽ നൂറുമേനി വിളവ്

  കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയവർ തരിശ് ഭൂമിയിൽ ഇറക്കിയ നെൽകൃഷിയിൽ നൂറുമേനി വിളവ്. കാസർകോട് വെസ്റ്റ് എളേരി ചീർക്കയത്തെ പാട്ടത്തിൽ മോഹനൻ നായരും (57) പുങ്ങംചാലിലെ തളാപ്പൻ കൃഷ്ണൻ നായരും (59) ചേർത്തല സുരേഷുമാണ് (54) കാർഷിക കേരളത്തിന് തന്നെ അഭിമാനമായത്.

ദുബൈ ഓട്ടോ സെന്ററിൽ കഴിഞ്ഞ 25 വർഷം ടയർ മെക്കാനിക്കായി ജോലി ചെയ്തയാളാണ് മോഹനൻ നായർ. കൃഷ്ണൻ നായർ ദുബൈ ഹോറിസൻ കാറ്ററിങ് സെന്ററിലെ ജീവനക്കാരനായിരുന്നു. ഇരുവരും പ്രവാസജീവിതം അവസാനിപ്പിച്ച് ഒരുവർഷം മുമ്പാണ് നാട്ടിൽ എത്തിയത്. ഇനിയുള്ള കാലം നാട്ടിൽ എന്ത് ചെയ്യണമെന്ന് ആലോചിച്ച് ഇരിക്കവെയാണ് ഇരുവരുടെയും സുഹൃത്തും ക്ഷീരകർഷകനുമായ സുരേഷുമായി കൂട്ട് കൃഷിയെ പറ്റി ആലോചിച്ചത്.

Signature-ad

കൃഷിയിലേക്ക് ഇറങ്ങാൻ തീരുമാനിച്ച ഇവരുടെ ടീം പുങ്ങം ചാൽ കളരി ഭഗവതി ക്ഷേത്രത്തിന്റെ അധീനതയിലുള്ള പാടത്ത് നെൽ കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് ഏക്കർ പാടമാണ് ഇവർ നെൽകൃഷിക്കായി ക്ഷേത്ര ഭാരവാഹികളോട് പാട്ടത്തിന് വാങ്ങിയത്. ഇതിൽ വെസ്റ്റ് എളേരി കൃഷി ഭവന്റെ പൂർണ പിന്തുണയോടെ ഇവർ തൊണ്ണൂറാൻ ഇനത്തിൽപെട്ട നെൽ വിത്ത്‌ വിതക്കുകയായിരുന്നു.

നെൽകൃഷിയിലെ പരിചയസമ്പത്ത്‌ ഒന്നും ഇല്ലാതിരുന്ന ഈ മൂവർ സംഗം എല്ലാതടസങ്ങളും അതിജീവിച്ചാണ് തരിശുപാടം നിറയെ സമൃദ്ധിയുടെ പൊൻകതിർ വിരിയിക്കുന്നതിൽ നൂറുമേനി വിജയം കൊയ്തത്. കളരി നെൽപ്പാടത്ത്‌ നടന്ന മൂവർ സംഗത്തിന്റെ കൊയ്ത്തുത്സവം പരപ്പ ബ്ലോക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ടി അരുൺ ഉദ്ഘാടനം ചെയ്തു.

Back to top button
error: