KeralaNEWS

കബഡിക്കളത്തിലെ കർമ സപര്യക്ക് ഒടുവിൽ ദ്രോണാചാര്യ, ഇ. ഭാസ്‌കരന് ലഭിച്ച ഈ അവാർഡ് കാസർകോടിന് അഭിമാന നേട്ടം

   കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ കൊടക്കാട് സ്വദേശിയായ ഇ. ഭാസ്‌ക്കരന് ലഭിച്ച ദ്രോണാചാര്യ അവാര്‍ഡ് കാസര്‍കോട് ജില്ലയിലെ കായിക മേഖലയ്ക്ക് ലഭിച്ച അംഗീകാരവും അഭിമാനവുമായി. ഇന്ത്യന്‍ കബഡി ടീം പരിശീലകനായ ഭാസ്‌ക്കരന്റേത് കബഡിക്കുവേണ്ടി സമര്‍പ്പിച്ച ജീവിതമാണ്.

ഇത്തവണ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയപ്പോള്‍ ടീമിന്റെ പരിശീലകനായ ഭാസ്‌ക്കരന് കൂടി ലഭിച്ച അംഗീകാരമായി അത് മാറി. 2009ല്‍ ഇന്ത്യന്‍ കബഡി ടീമിന്റെ പരിശീലകനായ ഭാസ്‌ക്കരന്‍ അതേ വര്‍ഷം വിയറ്റ്‌നാമില്‍ നടന്ന ഇന്‍ഡോര്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷടീമിനെ ചാമ്പ്യന്‍മാരാക്കി. 2010ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീമിന് സ്വര്‍ണം നേടാന്‍ ഭാസ്‌ക്കരന്റെ പരിശീലനം സഹായകമായി. നാലുവര്‍ഷത്തിന് ശേഷം മറ്റൊരു സ്വര്‍ണം കൂടി കരസ്ഥമാക്കി. ഈ സമയത്ത് ഭാസ്‌ക്കരന്‍ വനിതാ ടീമിന്റെ പരിശീലകനായിരുന്നു. 2022 ജൂണില്‍ ബുസാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ടീം സ്വര്‍ണം നേടിയതും പരിശീലകന്‍ എന്ന നിലയില്‍ ഭാസ്‌ക്കരന് അഭിമാനാര്‍ഹമായ നേട്ടമായി.

Signature-ad

പ്രൊ കബഡിയില്‍ 2014 മുതല്‍ തുടര്‍ച്ചയായി അഞ്ചു സീസണില്‍ യു മുംബൈ ടീമിനെ പരിശീലിപ്പിച്ച ഭാസ്‌ക്കരന് ഇവിടെയും നിരാശപ്പെടേണ്ടിവന്നില്ല. ഒരു തവണ ഈ ടീം ചാമ്പ്യന്‍മാരായി. രണ്ടുതവണ രണ്ടാംസ്ഥാനം ലഭിച്ചു. തമിഴ് തലൈവാസ് ടീമിനെ 2016 മുതല്‍ 2018 വരെ പരിശീലിപ്പിച്ചു. ഇന്ത്യന്‍ ആര്‍മിയുടെയും സര്‍വീസസിന്റെയും മുഖ്യപരിശീലകനാകാനുള്ള അവസരവും ഭാസ്‌ക്കരന് ലഭിച്ചിട്ടുണ്ട്.

തെക്കേ ഇന്ത്യയിലേക്ക് കബഡിക്ക് ദ്രോണാചാര്യ അവാർഡ് എത്തുന്നത് 21 വർഷത്തിനുശേഷമാണ്. കേരളത്തിൽ ആദ്യമായും. അതില്‍ ഭാസ്‌ക്കരനുള്ള സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.

”ഈ പുരസ്കാരം, കബഡിയിൽ ഇതുവരെയുള്ള യാത്രയിൽ കൂടെനിന്ന എല്ലാവർക്കുമായി സമർപ്പിക്കുന്നു. കബഡിയുമായുള്ള ബന്ധം 45 വർഷംമുമ്പ് തുടങ്ങിയതാണ്. 32 വർഷമായി പരിശീലനരംഗത്തുണ്ട്. പുരസ്കാരം ലഭിച്ചതിൽ സന്തോഷം. എല്ലാവർക്കും നന്ദി.” ദ്രോണാചാര്യ ജേതാവ് ഇ. ഭാസ്കരൻ പറയുന്നു.

മുന്‍ ദേശീയകബഡി താരം കൂടിയായ ഭാസ്‌ക്കരന്‍ ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് സുബേദാര്‍ മേജര്‍ ഓണറ്റി ക്യാപ്റ്റനായാണ് വിരമിച്ചത്. നിലവിൽ സായ് ബെംഗളൂരുവിൽ ഹൈ പെർഫോമൻസ് കോച്ചും കബഡി വിഭാഗം മേധാവിയുമാണ്.

ഭാര്യ: അജിതാ ഭാസ്കരൻ. മക്കൾ: അഭിജിത്ത് ഭാസ്കർ, അഞ്ജു ഭാസ്കർ. മരുമക്കൾ: അക്ഷയ (മൂന്നുപേരും ബെംഗളൂരുവിൽ ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നു), നവീൻ (മേജർ, ഇന്ത്യൻ ആർമി).

Back to top button
error: