CrimeNEWS

നിര്‍മാണത്തിലുള്ള പടക്കപ്പലിന്റെ ഫോട്ടോ പകര്‍ത്തി കാമുകിക്ക് കൈമാറി; കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍

കൊച്ചി: കപ്പല്‍ശാലയില്‍ നാവിക സേനയ്ക്കായി നിര്‍മിക്കുന്ന പടക്കപ്പലിന്റെ പ്രധാനഭാഗങ്ങളടക്കം മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമം വഴി വനിതാ സുഹൃത്തിന് കൈമാറിയ യുവാവ് അറസ്റ്റില്‍. കപ്പല്‍ശാലയില്‍ കരാര്‍ വ്യവസ്ഥയില്‍ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കപ്പലിന്റെ പ്രധാനഭാഗങ്ങളുടെ ചിത്രമെടുത്ത് ഇയാല്‍ എയ്ഞ്ചല്‍ പായല്‍ എന്ന സാമൂഹിക മാധ്യമ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. വീഡിയോകളും കൈമാറിയതായി സംശയമുണ്ട്. പ്രതിരോധ കപ്പലുകള്‍ ഉള്‍പ്പടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികള്‍, വിവിഐപികളുടെ സന്ദര്‍ശനവിവരങ്ങള്‍, കപ്പലിനുള്ളിലെ വിവിധ സംഭവങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ എന്നിവയും മൊബൈലില്‍ പകര്‍ത്തി കൈമാറിയിട്ടുണ്ട്. മാര്‍ച്ച് മുതല്‍ ഡിസംബര്‍ 19വരെയുള്ള കാലയളവിലാണിത്.

Signature-ad

ഇന്റലിജന്‍സ് ബ്യൂറോ, കപ്പല്‍ശാലയിലെ ആഭ്യന്തര സുരക്ഷ അന്വേഷണവിഭാഗം എന്നിവരുടെ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. തുടര്‍ന്ന് രാജ്യസുരക്ഷയ്ക്ക് ഭംഗംവരുത്തുന്ന തരത്തില്‍ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ കൈമാറിയെന്നു കാട്ടി കപ്പല്‍ശാലയിലെ സെക്യൂരിറ്റി ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കുകയും ശ്രീനിഷിനെ സൗത്ത് പൊലീസിന് കൈമാറുകയും ചെയ്തു.

ഫെയ്സ്ബുക്ക് വഴിയാണ് എയ്ഞ്ചല്‍ പായലിനെ ശ്രീനിഷ് പരിചയപ്പെട്ടത്. ഇവരുടെ സൗഹൃദ അപേക്ഷ സ്വീകരിച്ച ഇയാള്‍ ഇവരുമായി സ്ഥിരം ചാറ്റ് ചെയ്തിരുന്നു. ഒരിക്കല്‍ ഏയ്ഞ്ചല്‍ വിളിച്ചെന്നും സ്ത്രീ ശബ്ദം ആയിരുന്നെന്നും ഹിന്ദിയിലാണ് സംസാരിച്ചതെന്നും ശ്രീനിഷ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇവരുടെ നിര്‍ദേശപ്രകാരമാണ് ചിത്രങ്ങളെടുത്ത് അയച്ചതെന്നും പറഞ്ഞു. മെസഞ്ചര്‍ വഴിയാണ് ചിത്രങ്ങള്‍ കൈമാറിയത്.

സാമൂഹിക മാധ്യമ അക്കൗണ്ട്, ഫോണ്‍ കോളുകള്‍, എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എയ്ഞ്ചലിന്റെ യഥാര്‍ഥ പേരുവിവരങ്ങളും ഇവര്‍ക്ക് വിദേശബന്ധമുണ്ടോയെന്ന കാര്യവും ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കുന്നുണ്ട്. ചില സന്ദേശങ്ങള്‍ നീക്കം ചെയ്തതായും കണ്ടെത്തി. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഇവ വീണ്ടെടുക്കും. ശ്രീനിഷിനെ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: