പത്തനംതിട്ട: 2018ല്‍ നിരോധനാജ്ഞ ലംഘിച്ചു പമ്പ സന്ദര്‍ശിച്ചെന്ന കേസിലെ പ്രതികളായിരുന്ന യുഡിഎഫ് നേതാക്കളെ ഗ്രാമന്യായാലയ കോടതി കുറ്റവിമുക്തരാക്കി ഉത്തരവിട്ടു. അന്നു പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല, എംപിമാരായ ആന്റോ ആന്റണി, എം.കെ.പ്രേമചന്ദ്രന്, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന് എംഎല്‍എമാരായ പി.ജെ.ജോസഫ്, എം.കെ.മുനീര്‍, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, യുഡിഎഫ് നേതാക്കളായ ജോസഫ് എം.പുതുശേരി, അനീഷ് വരിക്കണ്ണാമല, തോപ്പില്‍ ഗോപകുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, ദേവരാജന്‍, അന്നപൂര്‍ണാദേവി എന്നിവരെയും ജോണി നെല്ലൂര്‍, ലതിക സുഭാഷ് എന്നിവരെയുമാണു കുറ്റവിമുക്തരാക്കിയത്.
ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള നടപടികള്‍ അദ്ദേഹത്തിന്റെ മരണശേഷം കോടതി അവസാനിപ്പിച്ചിരുന്നു. പ്രളയത്തില്‍ പമ്പയിലും പരിസരങ്ങളിലും മണ്ണും എക്കലും അടിഞ്ഞു കൂടിയതു നീക്കാത്തതും ഭക്തര്‍ക്കു ശബരിമല ദര്‍ശനത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കാത്തതും നേരിട്ടു കാണുന്നതിന് 2018 നവംബര്‍ 29ന് ഉച്ചയ്ക്ക് 1.30നു പമ്പയിലെത്തിയതായിരുന്നു യുഡിഎഫ് സംഘം. നിരോധാനാജ്ഞ ലംഘിച്ചു, തീര്‍ഥാടകര്‍ക്കു സഞ്ചരിക്കുന്നതിനു തടസ്സം സൃഷ്ടിച്ചു തുടങ്ങിയവ ആരോപിച്ചാണു കേസെടുത്തത്.
പൊലീസ് നല്കിയ കുറ്റപത്രത്തിലെ യുഡിഎഫ് നേതാക്കള്‍ക്കെതിരെയുള്ള കുറ്റങ്ങളൊന്നും പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്നും സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും മൊഴി കൊടുത്തിട്ടില്ലെന്നും അഭിഭാഷന് ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണു വിടുതല്‍ ഹര്‍ജി അനുവദിച്ചു കോടതി ഉത്തരവിട്ടത്.