LocalNEWS

കോഴഞ്ചേരി പാലം നിര്‍മ്മാണത്തിന് അനുമതി

പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലത്തിന്റെ തുടര്‍ പ്രവൃത്തിയുടെ ടെൻഡറിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അനുമതി ലഭിച്ചു.

ആരോഗ്യ മന്ത്രിയും ആറന്മുള എം.എല്‍.എയുമായ വീണാ ജോര്‍ജിന്റെ ഓരോ ഘട്ടത്തിലുമുള്ള നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് പാലത്തിന്റെ നിര്‍മ്മാണത്തിന്റെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച്‌ ക്യാബിനറ്റ് അനുമതി ലഭിച്ചത്.

 പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലെറ്റെടുപ്പ് ഉള്‍പ്പടെ പൂര്‍ത്തീകരിച്ചു, ബാക്കിയുള്ള പ്രവൃത്തി 13.94 കോടി രൂപയ്ക്കാണ് ടെൻഡര്‍ ചെയ്തിരിക്കുന്നത്.കോഴഞ്ചേരിയില്‍ – തിരുവല്ല – കുമ്ബഴ റോഡില്‍ സ്ഥിതിചെയ്യുന്ന കോഴഞ്ചേരി പഴയപാലത്തിന് സമാന്തരമായി തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് നിന്നും ആരംഭിച്ച്‌ കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ എത്തുന്ന റോഡില്‍ പമ്ബയാറിന് കുറുകെയാണ് പുതിയ കോഴഞ്ചേരി പാലം നിര്‍മ്മിക്കുന്നത്. പാലത്തിന് ആകെ 198.8 മീറ്റര്‍ നീളവും ഇരുവശത്ത് നടപ്പാതയോടു കൂടി 12 മീറ്റര്‍ വീതിയും ആണ് ഉള്ളത്.

Signature-ad

ആറിന് നടുവില്‍ 32 മീറ്ററില്‍ 4 സ്പാനുകള്‍ ഉള്ള ആര്‍ച്ച്‌ ബ്രിഡ്ജും ഇരുകരകളിലുമായി 23.6 മീറ്റര്‍ നീളത്തില്‍ ഉള്ള 3 ലാന്റ് സ്പാനുകളും ആയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ BM & BC വര്‍ക്കും ആവശ്യസ്ഥലങ്ങളില്‍ സംരക്ഷണഭിത്തിയും ഉള്‍പ്പെടുത്തിയാണ് പാലത്തിനു സമീപം പാത വിഭാവനം ചെയ്തിട്ടുള്ളത്.

സംസ്ഥാനപാതയായ തിരുവല്ല-കുമ്ബഴ റോഡില്‍ കോഴഞ്ചേരി ടൌണില്‍ അനുഭവിക്കുന്ന ഗതാഗതകുരുക്കിന് ശാശ്വതപരിഹാരം ഉണ്ടാകുന്നതിനും ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്തരീതിയില്‍ ഗതാഗതകുരുക്കില്‍പെടാതെ പോകുവാനും ഈ പാലം സഹായിക്കും.

Back to top button
error: