നെടുങ്കണ്ടം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ ബോഡിമെട്ട് ചുരത്തില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം.
ശക്തമായ മഴയില്‍ മൂന്നിടങ്ങളിലാണ് മണ്ണിടിഞ്ഞത്. ബോഡിമെട്ട് മലയോര റോഡില്‍ കൊണ്ടൈസൂചി വളവിലാണ് ആദ്യം മണ്ണിടിച്ചില്‍ ഉണ്ടായത്.മണ്ണിനൊപ്പം മരങ്ങളും പാറക്കഷണങ്ങളും വീണതോടെ രാത്രി പത്ത് മണി മുതല്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാല് മുതല്‍ തുടങ്ങിയ മഴ ഇപ്പോഴും മേഖലയില്‍ തുടരുകയാണ്. ഈ വര്‍ഷം ഇത് പതിമൂന്നാം തവണയാണ് മേഖലയില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെടുന്നത്. രാത്രികാലങ്ങളില്‍ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലൂടെയുള്ള യാത്ര അതീവ ജാഗ്രതയോടെ വേണം എന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.