IndiaNEWS

തോല്‍വിക്ക് കാരണം നേതാക്കള്‍ക്കിടയിലെ തര്‍ക്കം; രാജസ്ഥാനില്‍ ഗെഹ്‌ലോട്ടിനെ മാറ്റാന്‍ സാധ്യത

ജയ്പുര്‍: രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്ന് സൂചന. അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കങ്ങളാണ് രാജസ്ഥാനിലെ തോല്‍വിയ്ക്ക് കാരണമെന്നാണ് എ.ഐ.സി.സിയുടെ വിലയിരുത്തല്‍. തോല്‍വിയുടെ സാഹചര്യത്തില്‍ അശോക് ഗെഹ്ലോട്ടിന് പകരം പുതിയൊരാള്‍ വരണമെന്നാണ് എ.ഐ.സി.സിയുടെ തീരുമാനം. ഹൈക്കമാന്‍ഡ് അടക്കം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

മധ്യപ്രദേശില്‍ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കമല്‍നാഥിനെ ഇന്നലെ മാറ്റിയിരുന്നു. ഛത്തീസ്ഗഡിലും നേതൃസ്ഥാനങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. അതിന് പിന്നാലെയാണ് ഈ സംസ്ഥാനങ്ങളിലെ നേതൃമാറ്റത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.

Signature-ad

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മയാണ് ബിജെപിയുടെ മുഖ്യമന്ത്രി. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും ബിജെപി നേതൃത്വം ഇത് ചെവിക്കൊണ്ടില്ല. വസുന്ധരയെ ദില്ലിക്ക് വിളിപ്പിച്ച് അനുനയ നീക്കത്തിലൂടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയായിരുന്നു. വസുന്ധര തന്നെയാണ് മുഖ്യമന്ത്രിയായി ഭജന്‍ലാലിന്റെ പേര് പ്രഖ്യാപിച്ചത്.

Back to top button
error: