മുംബൈ: ഇരുപത്തിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഘട്കോപര്‍ ഈസ്റ്റിലാണു സംഭവം. തനിക്കുണ്ടായ ദുരനുഭവം യുവതി കുടുംബത്തെ അറിയിക്കുകയും തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഡിസംബര്‍ ഒന്‍പതിനായിരുന്നു കേസിന് ആസ്പദമായ സംഭവം. സ്കൂളിനു പിന്നിലെ ആളൊഴിഞ്ഞ പ്രദേശത്തു വച്ച് ഭര്‍ത്താവും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയതായാണ് യുവതിയുടെ പരാതി. ഭര്‍ത്താവാണ് യുവതിയെ ഇവിടേക്കു കൂട്ടിക്കൊണ്ടു വന്നത്. തുടര്‍ന്ന് ലൈംഗികാതിക്രമത്തിനു ശ്രമിച്ചു. അയാളെ തള്ളിമാറ്റി യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേര്‍കൂടി സ്ഥലത്തെത്തി. തുടര്‍ന്ന് ഭര്‍ത്താവും മറ്റു രണ്ടു പുരുഷന്മാരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി.
സംഭവത്തിനു ശേഷം യുവതി സാംഗ്ലിയിലുള്ള സ്വന്തം വീട്ടിലേക്കു പോയി. തുടര്‍ന്ന് വീട്ടുകാരെ ഇക്കാര്യം അറിയിച്ചു.
”സംഭവത്തിലെ പ്രതികളായ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ ബഞ്ചോ പാര്‍ട്ടി കലാകാരനാണ്. മറ്റേയാള്‍ക്ക് ജോലിയൊന്നും ഇല്ല. യുവതിയുടെ ഭര്‍ത്താവും തൊഴില്‍രഹിതനാണ്. മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ യുവതിയെ ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. രണ്ടു കുട്ടികളുമുണ്ട്.” അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.