NEWSTRENDING

പിണറായിയെ ഒന്ന് കാണണം, മാപ്പ് ചോദിക്കണം: ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ ഓര്‍മയില്ലേ?….
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സോഷ്യലിസ്റ്റ് ലോകത്തിന്റെയും ഇടനാഴികളിലൂടെ കുഞ്ഞനന്തന്‍ നായരെപ്പോലെ സഞ്ചരിച്ച മറ്റൊരാള്‍ ഇന്ത്യയിലുണ്ടായിരുന്നില്ല. 1962 ജനുവരി മുതല്‍ 1992 വരെ, മൂന്നുപതിറ്റാണ്ട് കറഞ്ചിയയുടെ പത്രാധിപത്യത്തിലുള്ള ബ്ലിറ്റ്സ് വാരികയുടെയും ദേശാഭിമാനി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യന്‍ ലേഖകനായി ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിന്‍ കേന്ദ്രീകരിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചു. ലോക സോഷ്യലിസ്റ്റ് നേതാക്കളുമായി അടുത്ത സമ്പര്‍ക്കംപുലര്‍ത്താനും സോവിയറ്റ് യൂണിയനിലെയും തുടര്‍ന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ ജയാപചയങ്ങള്‍ നേരിട്ടുകാണാനും സാധിച്ച വ്യക്തി. മാത്രമല്ല

സിപിഎം ഔദ്യോഗിക പക്ഷത്തിനെതിരെ വലതുപക്ഷ വ്യതിയാനം ആരോപിച്ച് പാര്‍ട്ടിക്കകത്ത് കലാപക്കൊടിയുയര്‍ത്തിയ വി.എസ്.അച്യുതാനന്ദന്റെ വലംകയ്യായിരുന്നു കുഞ്ഞനന്തന്‍ നായര്‍. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള അദ്ദേഹം ഇഎംഎസിന്റെയും വിഎസിന്റെയുമെല്ലാം സഹായിയായിരുന്നു. ജര്‍മനിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരത്ത് എകെജി സെന്ററിലും ദീര്‍ഘകാലം ഉണ്ടായിരുന്നു.

Signature-ad

ബര്‍ലിന്‍ മതിലാണ് കുഞ്ഞനന്തന്‍നായരെ ജര്‍മനിയില്‍ എത്തിച്ചത്. ബര്‍ലിന്‍ നഗരത്തെ നെടുകെ വിഭജിച്ചുകൊണ്ട് ഇരു ജര്‍മനിയെയും വേര്‍തിരിക്കുന്നതിന് 1961 ഓഗസ്റ്റ് 13-ന് അര്‍ധരാത്രിയാണ് പതിനായിരക്കണക്കിന് ജനങ്ങള്‍ ചേര്‍ന്ന് ഈ കൂറ്റന്‍മതില്‍ കെട്ടിപ്പൊക്കിയത്. ഒരു രാജ്യത്തിന്റെ ഭാഗമായി ജീവിച്ച ജനതയെ വന്‍മതില്‍കൊണ്ട് വേര്‍തിരിച്ചതിനെതിരേ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വന്‍ പ്രചാരവേലയാരംഭിച്ചു. ഇതിന് മറുപടി പറയാനും ഇക്കാര്യത്തില്‍ സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ നിലപാട് പ്രചരിപ്പിക്കാനും ഇന്ത്യയില്‍നിന്ന് ഒരാളെ ജര്‍മനിയിലേക്ക് അയക്കണമെന്ന കിഴക്കന്‍ ജര്‍മന്‍ സോഷ്യലിസ്റ്റ് ഭരണത്തലവന്‍ വാള്‍ട്ടര്‍ ഉള്‍ബ്രിറ്റിന്റെ നിര്‍ദേശമനുസരിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയഘോഷിന്റെ ആവശ്യപ്രകാരമാണ് കുഞ്ഞനന്തന്‍ നായര്‍ ബര്‍ലിനിലെത്തുന്നത്. അങ്ങനെയാണ് പി.കെ. കുഞ്ഞനന്തന്‍ നായര്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരാവുന്നത്.

പിണറായി വിജയന്‍ തൊഴിലാളി വര്‍ഗത്തിന്റെ ദത്തു പുത്രനാണെങ്കില്‍ വി.എസ്.അച്യുതാനന്ദന്‍ തനതു പുത്രനാണെന്ന ബര്‍ലിന്റെ നിരീക്ഷണം വലിയ കോലാഹലമുണ്ടാക്കിയിരുന്നു. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കും വിധം അദ്ദേഹം എഴുതിയ ‘പൊളിച്ചെഴുത്ത്’ എന്ന പുസ്തകം ഏറെ വിവാദമായിരുന്നു. സിപിഎമ്മിന് അകത്തു നടന്ന ആശയപ്പോരാട്ടങ്ങള്‍ ചിലപ്പോഴെങ്കിലും വ്യക്തികള്‍ക്കു നേരേയുള്ള കടന്നാക്രമണമായിപ്പോയെന്ന തോന്നല്‍ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കുണ്ട്. അതുകൊണ്ട് ഇപ്പോഴിതാ
പിണറായി വിജയനെ ഒന്നു കാണണമെന്നും ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കാമെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞിരിക്കുകയാണ്.

”പിണറായി വിജയനുമായി എനിക്ക് വ്യക്തിപരമായ ഭിന്നതയൊന്നുമില്ല. പരസ്പരം ഒന്നും അറിയിക്കാറൊന്നുമില്ലെങ്കിലും പണ്ട് ഒന്നായി ഇവിടെ ക്യാംപ് ചെയ്തവരല്ലേ. പിണറായിയെ കാണണമെന്നു തോന്നുന്നുണ്ട്. കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഉടന്‍ ഞാന്‍ ടിവി ശ്രദ്ധിക്കും. കഴിഞ്ഞ ദിവസവും അദ്ദേഹത്തിന്റെ നിയമസഭയിലെ പ്രസംഗം കേട്ടിരുന്നു. എനിക്ക് ഇപ്പോള്‍ പിണറായിയെ കാണണമെന്നു തോന്നുന്നുണ്ട്. ഞാന്‍ വേണമെങ്കില്‍ മാപ്പു ചോദിക്കും, കാലുപിടിക്കും.” കുഞ്ഞനന്തന്‍ നായര്‍ പറയുന്നു.

പാര്‍ട്ടിക്കകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ച ഒരാളെന്ന നിലയില്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് തിരിഞ്ഞു നോക്കുമ്പോള്‍ അമ്മേ എനിക്ക് ഒരിക്കല്‍ കൂടി ജന്മം തരണം, എന്നാല്‍ ഞാന്‍ ഈ പാത തന്നെ സ്വീകരിക്കുമെന്ന അദ്ദേഹത്തിന്റെ പൊളിച്ചെഴുത്ത് എന്ന പുസ്തകത്തിലെ അവസാന വാക്യം ഇപ്പോഴും പറയുകയാണ് ഈ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.

അതേസമയം, അന്നത്തെ പോരാട്ടം കൊണ്ട് പാര്‍ട്ടിയെ വലതുപക്ഷ വ്യതിയാനത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന ഉറച്ച വിശ്വാസവും അദ്ദേഹത്തിനുണ്ട്.

Back to top button
error: