തിരുവനന്തപുരം: നവകേരള സദസ്സിനായി ഇതുവരെ പൊളിഞ്ഞത് 13 മതിലുകള്‍. കൂടുതലും സ്‌കൂള്‍ മതിലുകളാണ്. പുനര്‍നിര്‍മിച്ച് നല്‍കുമെന്ന ഉറപ്പിലാണ് മതിലുകള്‍ പൊളിക്കുന്നത്. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും പലയിടത്തും പണി തുടങ്ങിയിട്ടില്ല. മതില്‍ പൊളിക്കുന്നതിനെതിരേ പലയിടത്തും പ്രതിഷേധവുമുയര്‍ന്നു. ചിലയിടങ്ങളില്‍ മതിലില്‍ രാഷ്ട്രീയവും കലര്‍ന്നു.
പൊളിച്ച മതിലുകള്‍
പാലക്കാട്
നെന്മാറ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍-മതിലും പടിയും പൊളിച്ചുനീക്കി 11 ദിവസം. ഇനിയും പുനര്‍നിര്‍മിച്ചില്ല. കുറഞ്ഞത് 25,000 രൂപയെങ്കിലും വേണ്ടിവരും.
എറണാകുളം
മൂന്നിടത്താണ് സ്‌കൂള്‍ മതില്‍ പൊളിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂര്‍ ഗവ. സ്‌കൂളില്‍ മതില്‍ പൊളിക്കുന്നതിനെതിരേ യു.ഡി.എഫ്. ഭരിക്കുന്ന മുനിസിപ്പാലിറ്റി രംഗത്തുവന്നിരുന്നു. എന്നാല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ മതില്‍ പൊളിച്ചു. പരിപാടികഴിഞ്ഞ് പിറ്റേദിവസംതന്നെ സംഘാടകസമിതി പൊളിച്ചഭാഗം കെട്ടി.
- കോതമംഗലത്ത് മാര്‍ ബേസില്‍ സ്‌കൂളിന്റെ മതില്‍ പൊളിച്ചിടത്ത് ഗേറ്റ് സ്ഥാപിച്ച് പ്രവേശനകവാടമായി ഉപയോഗിക്കാനാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തീരുമാനം.
- പെരുമ്പാവൂരില്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഭാഗികമായി തകര്‍ന്ന മതില്‍പൊളിക്കുന്നതില്‍ നഗരസഭയും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ.യും പ്രതിഷേധിച്ചെങ്കിലും പൊളിച്ചു. പുനര്‍നിര്‍മിക്കുന്നതിന് എസ്.എസ്.എ. ഫണ്ടില്‍നിന്ന് ആറുലക്ഷം രൂപയുടെ അനുമതി നല്‍കി.
മലപ്പുറം
മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതില്‍ പൊളിച്ചു. ഒന്ന് കെട്ടി. രണ്ടെണ്ണം ബാക്കി. തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂളിന്റെ മതില്‍ പൊളിച്ചത് വിവാദമായി. തുടര്‍ന്ന് സംഘാടകസമിതി കരാറുകാരനെ ചുമതലപ്പെടുത്തി രണ്ടുദിവസത്തിനകം കെട്ടി.
- മഞ്ചേരിയില്‍ ഗവ. ബോയ്‌സ് സ്‌കൂള്‍ മൈതാനത്തിന്റെ മതില്‍ മൂന്ന് മീറ്ററോളം പൊളിച്ചിരുന്നു. അത് കെട്ടിയിട്ടില്ല. കോട്ടയ്ക്കലില്‍ സദസ്സ് നടന്ന ആയുര്‍വേദ കോളേജിന്റെ മതില്‍ അഞ്ച് മീറ്ററോളം പൊളിച്ചിരുന്നു. ഇതും കെട്ടിയിട്ടില്ല.
തൃശ്ശൂര്‍
മാള സെയ്ന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മൂന്ന് മതിലുകളാണ് എട്ടര മീറ്റര്‍ വീതം പൊളിച്ചത്. ഇതിനായി 55,000 രൂപയാണ് കണക്കാക്കിയത്.
- ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മതില്‍ 34 മീറ്റര്‍ പൊളിച്ചു. ഇതിന് മുമ്പ് മതില്‍ പുനര്‍നിര്‍മാണത്തിന് 20 ലക്ഷം കെ. രാധാകൃഷ്ണന്റെ വികസനനിധിയില്‍ നിന്ന് പാസാക്കി ഉത്തരവ് ഇറങ്ങിയിരുന്നു.വെമ്പല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജിന്റെ മൈതാനത്തിന്റെ മതിലും മാനേജ്മെന്റുതന്നെ പൊളിച്ചുമാറ്റി.
ആലപ്പുഴ
മാവലിക്കര ഗവ. ബോയ്‌സ് സ്‌കൂള്‍ മൈതാനത്തെ വേദിക്ക് സമീപം നവകേരള ബസ് എത്തുന്നതിനായി സ്‌കൂള്‍ കവാടം പൊളിച്ച് വീതി കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭ തള്ളിയിരുന്നു. ഇതിനിടെ മതിലിന്റെ ഒരു ഭാഗം അജ്ഞാതര്‍ പൊളിച്ചുനീക്കി.
കോട്ടയം
പൊന്‍കുന്നം ഗവ. വി.എച്ച്.എസ്.എസ്. വളപ്പിന്റെ മതില്‍ 10 അടിയോളം ഉയരമുള്ളത് 15 അടിയോളം നീളത്തില്‍ പൊളിച്ച് റോഡ് വെട്ടി. മൈതാനകവാട നവീകരണത്തിന് ജില്ലാ പഞ്ചായത്തില്‍നിന്ന് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ആ തുക ഉപയോഗിച്ച് കവാടമായി നവീകരിക്കും.
- പാമ്പാടി ഗ്രാമപ്പഞ്ചായത്ത് മൈതാനത്തിന്റെ ചുറ്റുമതില്‍ 14 അടിയോളം പൊളിച്ച് വഴിവെട്ടി.