KeralaNEWS

ഏഴു വര്‍ഷത്തിനിടെ സംസ്ഥാനത്തിനു ലഭിക്കേണ്ട തുകയില്‍വന്ന കുറവ് 1,07500 കോടി: മുഖ്യമന്ത്രി

കോട്ടയം: കഴിഞ്ഞ ഏഴുവര്‍ഷക്കാലത്തെ കണക്കെടുത്താല്‍ കേന്ദ്രത്തില്‍നിന്നു സംസ്ഥാനത്തിന്‍റെ കൈയില്‍ എത്തേണ്ട പണത്തില്‍ വന്ന കുറവ് 1,07500 കോടി രൂപയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നവകേരള സദസ് വൈക്കം കായലോര ബീച്ചില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് കടമെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. പക്ഷേ കടമെടുപ്പിന് കേന്ദ്രം ഭരണഘടനാവിരുദ്ധമായി പരിധി വയ്ക്കുകയാണ്. ഇത് സംസ്ഥാനത്തെ ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ അനുവദിക്കാത്ത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

2016 മുതല്‍ 83,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കിഫ്ബി വായ്പ എടുക്കും. അതു കൃത്യമായി തിരിച്ചടയ്ക്കും. സാമ്ബത്തിക അച്ചടക്കം പാലിക്കുന്ന ഏജൻസി എന്ന നിലയില്‍ കിഫ്ബി വലിയ വിശ്വാസ്യതയാണ് നേടിയത്.

അതുകൊണ്ടാണ് കിഫ്ബിക്കെതിരേ വലിയ പ്രചാരണങ്ങള്‍ ഉണ്ടായിട്ടും നല്ല നിലയ്ക്ക് വായ്പകളെടുക്കാനും കേരളത്തിനത് ചെലവഴിക്കാനും കഴിഞ്ഞത്. എന്നാല്‍ കിഫ്ബി എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാരിന്‍റെ കടമായി പരിഗണിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

ക്ഷേമപെൻഷൻ നല്‍കാൻ രൂപീകരിച്ച കമ്ബനിയുടെ കടവും സംസ്ഥാന കടമായി പരിഗണിക്കുമെന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നത്. ചുരുക്കത്തില്‍ സര്‍ക്കാരിന്‍റെ കയ്യില്‍ ലഭിക്കേണ്ട പണത്തില്‍ വലിയ കുറവ് വരും. ഇത് പ്രതീക്ഷിക്കാവുന്നതിനപ്പുറമുള്ള തുകയാണ്.

സംസ്ഥാനത്തിന്‍റെ തനതു വരുമാനത്തിന്‍റെ നില ശക്തമാണ്. ഭദ്രമായ ധനകാര്യ മാനേജ്‌മെന്‍റിലൂടെ നമ്മുടെ ആഭ്യന്തര വരുമാനവും പ്രതിശീര്‍ഷ വരുമാനവും നല്ലതുപോലെ വര്‍ധിപ്പിക്കാനായി. എന്നാല്‍ കേന്ദ്രം നല്‍കേണ്ട പണം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. നികുതിപ്പണം വീതിക്കുമ്ബോള്‍ നമുക്ക് അര്‍ഹതപ്പെട്ടതില്‍ വലിയ കുറവ് വരുത്തുന്നു.

സാധാരണ റവന്യൂ കമ്മി കണക്കിലെടുത്ത് ഗ്രാന്‍റ് അനുവദിക്കാറുണ്ട്. അതും വലിയതോതില്‍ കുറയ്ക്കുകയാണ്.സംസ്ഥാനവും കേന്ദ്രവും ഒന്നിച്ച്‌ നടപ്പാക്കി വരുന്ന പദ്ധതികളുടെ ചെലവ് സംസ്ഥാനം ചെലവഴിച്ചാലും കുടിശിക തരാതെ കേന്ദ്രം ബോധപൂര്‍വം വിഷമിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: