NEWSTRENDING

ബഡ്ജറ്റില്‍ കോട്ടയത്തെ അവഗണിച്ചുവോ.? എംഎല്‍എ മാര്‍ പറയുന്നതിങ്ങനെ.

നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക് ബഡ്ജറ്റ് അവതരിപ്പിച്ച് ഇറങ്ങുമ്പോള്‍ ചിലരുടെ ചുണ്ടില്‍ ചിരിയും ചിലര്‍ക്ക് നീരസവുമാണ് സമ്മാനിച്ചത്. ചോദിച്ചതെല്ലാം നല്‍കിയെന്ന് ഇടതുപക്ഷ എം.എല്‍.എ മാര്‍ പറയുമ്പോള്‍ ചോദിച്ചതൊന്നും പരിഗണിച്ചില്ല എന്ന പരിഭവം പറച്ചിലിലാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ സാരഥികള്‍. കോട്ടയം ജില്ലയെ ബഡ്ജറ്റില്‍ നിന്നും ഒഴിവാക്കിയെന്ന കാര്യം വ്യക്തമായി കാണാമെന്നാണ് രണ്ടാമത്തെ കൂട്ടരുടെ വാദം.

മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എ യുമായ ഉമ്മന്‍ചാണ്ടിയുടെ വാക്കുകളിലും നീരസമുണ്ട്. പുതുപ്പള്ളിയുടെ അടിസ്ഥാന വികസനത്തിനുള്ള കാര്യങ്ങള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയാണ് ഫലം. പുതുപ്പള്ളിയുടെ അടിസ്ഥാന വികസനത്തിനായി വേണ്ട കാര്യങ്ങള്‍ പോലും ബഡ്ജറ്റിലില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം ആവശ്യപ്പെട്ടതെല്ലാം നല്‍കിയെന്ന സന്തോഷത്തിലാണ് സുരേഷ് കുറുപ്പ്, സി.കെ ആശ തുടങ്ങിയ എം.എല്‍.എ മാര്‍. മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒട്ടനവധി പദ്ധതികള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇരുവരും അഭിപ്രായപ്പെടുന്നു. ടോള്‍ ചെമ്മനാകരി റോഡിന്റെ പുനരുദ്ധാരണത്തിന് 1 കോടി രൂപ അനുവദിച്ചത് എടുത്ത് പറഞ്ഞാണ് സി.കെ ആശ സന്തോഷം പങ്ക് വെച്ചത്.

Signature-ad

250 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചെങ്കിലും മുന്‍ വര്‍ഷത്തിലേത് പോലെ ഈ തവണയും ഒന്നും തന്നിട്ടില്ലെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അഭിപ്രായം. ഇടതുപക്ഷ അനുഭാവികളായ മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് കൂടുതല്‍ തുക അനുവദിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയം മണ്ഡലത്തിനായി 30 പദ്ധതികളുടെ വിശദമായ വിവരം സമര്‍പ്പിച്ചെങ്കിലും ഒന്നും തന്നെ പരിഗണിച്ചില്ലെന്നും കഴിഞ്ഞ 5 വര്‍ഷമായി കോട്ടയത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ബഡ്ജറ്റില്‍ താന്‍ ഹാപ്പിയാണെന്ന നിലപാടിലാണ് പൂഞ്ഞാറിന്റെ സ്വന്തം പി.സി ജോര്‍ജ്. ആവശ്യപ്പെട്ടതെല്ലാം കിട്ടിയെന്നും ഇതൊക്കെ നടപ്പാക്കിയാല്‍ അഭിനന്ദനാര്‍ഹമാണെും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറിന്റെ അടിസ്ഥാന വികസനത്തിനും ടൂറിസത്തിനും മുന്‍തൂക്കം നല്‍കുന്ന പദ്ധതികളാണ് സമര്‍പ്പിച്ചത്. ഇതൊക്കെ നടപ്പാക്കിയെടുക്കലാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു

ഈ ബഡ്ജറ്റില്‍ തങ്ങള്‍ക്ക് കടുത്ത നിരാശയുണ്ടെന്ന പക്ഷക്കാരാണ് മോന്‍സ് ജോസഫും കൊടിക്കുന്നില്‍ സുരേഷ് എം.പി യും. കടുത്തുരുത്തിയുടെ വികസനത്തിനായി 21 പദ്ധതികള്‍ സമര്‍പ്പിച്ചെങ്കിലും ഇതില്‍ ആകെ 2 പദ്ധതികള്‍ക്ക് മാത്രമാണ് തുക അനുവദിച്ചതെന്നും മോന്‍സ് ജോസഫ് പറഞ്ഞു. പ്രധാന പദ്ധതികളെയെല്ലാം ഒഴിവാക്കിയതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച സി.എഫ് തോമസ് എം.എല്‍.എ യുടെ ചങ്ങനാശേരിയെ ബഡ്ജറ്റില്‍ നിന്നും പൂര്‍ണമായും ഒവിവാക്കിയെന്ന് മാവേലിക്കര എം.പി കൊടക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു. കുട്ടനാടിന്റെ കാവടമെന്നറിയപ്പെടുന്ന ചങ്ങനാശേരിയില്‍ ഒരുപാട് പദ്ധതികള്‍ക്ക് സാധ്യതയുണ്ടായിരുന്നിട്ടും മനപ്പൂര്‍വ്വം അവഗണിച്ചത് ദു:ഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം ബഡ്ജറ്റ് തങ്ങള്‍ക്ക് സന്തോഷം നല്‍കുന്നുവെന്നും നാടിന്റെ വികസനത്തിനായി ഒരുപാട് കാര്യങ്ങള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് മാണി സി കാപ്പന്റേയും എന്‍. ജയരാജ് എം.എല്‍.എ യുടേയും അഭിപ്രായം. പാലായുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന ബഡ്ജറ്റാണെന്ന് മാണി സി കാപ്പന്‍ അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിന് വേണ്ടി 20 പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നു 20 പദ്ധതികളും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ടോക്കണ്‍ തുക അനുവദിച്ചുവെന്നും എന്‍.ജയരാജ് എം.എല്‍.എ പറഞ്ഞു.

Back to top button
error: