പെൺമക്കൾക്ക് കൂടി സ്വത്ത് ഓഹരി നൽകാനുള്ള തീരുമാനത്തിൽ ക്ഷുഭിതനായ യുവാവ് വൃദ്ധരായ മാതാപിതാക്കളെ കൊലപ്പെടുത്തി. കാർണാടകയിലെ ഹൊസകോട്ടെ സുലിബെലെ ഗ്രാമത്തിൽ രാമകൃഷ്ണപ്പ (70), ഭാര്യ മണിരമക്ക (65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ നരസിംഹ മൂർത്തിയെ (40) പൊലീസ് അറസ്റ്റ് ചെയ്തു.
സ്വത്ത് തർക്കത്തെ തുടർന്ന് ഇരുവരേയും രാത്രി ഇരുമ്പ് വടികൊണ്ട് അടിച്ച് കൊന്ന ശേഷം മകൻ വീട് പുറത്തു നിന്ന് പൂട്ടുകയായിരുന്നു. ഒന്നും സംഭവിക്കാത്ത ഭാവത്തിൽ നാട്ടിൽ കറങ്ങി നടന്നു. മാതാപിതാക്കളെ പതിവായി ഫോണിൽ ബന്ധപ്പെടാറുള്ള പെൺമക്കൾ വിളിച്ചപ്പോൾ മറുപടി ലഭിച്ചില്ല. ഇതേത്തുടർന്ന് ഒരു മകൾ വീട്ടിൽ വന്നു നോക്കിയപ്പോഴാണ് അച്ഛനും അമ്മയും മരിച്ചു കിടക്കുന്നത് കണ്ടത്.
കൊല്ലപ്പെട്ട ദമ്പതികൾക്ക് ഒരു മകനും നാല് പെൺമക്കളുമാണുള്ളത്. കുറേ ഭൂമി അഞ്ചു മക്കൾക്കുമായി നേരത്തെ ഭാഗം വെച്ച് നൽകിയിരുന്നു. ബാക്കിവെച്ച രണ്ട് ഏക്കർ അഞ്ച് മക്കൾക്കും നൽകാനുള്ള തീരുമാനം അറിഞ്ഞാണത്രേ മകൻ കൂട്ടക്കൊല നടത്തിയത്. ബെംഗ്ളുറു നഗരപ്രാന്തത്തിൽ കോടികൾ വിലയുള്ള ഭാഗത്താണ് ഈ രണ്ട് ഏക്കർ ഭൂമി.