13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ബലാത്സംഗം ചെയ്തു എന്ന് പരാതി. കിഴക്കൻ ഡൽഹിയിൽ വനിതാ കമ്മീഷൻ ആണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഒരു നൃത്ത പരിപാടിയിൽ വെച്ച് മൂന്നുവർഷം മുമ്പാണ് പതിമൂന്നുകാരൻ നാലുപേരെ പരിചയപ്പെടുന്നത്. തുടർന്ന് അവസരങ്ങൾ നൽകാമെന്ന് പറഞ്ഞ് പതിമൂന്നുകാരനെ ഇവർ കൂടെ കൂട്ടി. കുറച്ചു നൃത്തപരിപാടികൾ പങ്കെടുപ്പിക്കുകയും പണം നൽകുകയും ചെയ്തു. എന്നാൽ പിന്നീടാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
പതിമൂന്നുകാരനെ ഇവർ നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചു. ശാരീരികമായി കീഴ്പ്പെടുത്തി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിന്നീട് പതിമൂന്നുകാരനെ നാൽവർസംഘം കൂട്ടബലാത്സംഗം ചെയ്യുകയും മറ്റു ആളുകൾക്ക് കാഴ്ചവയ്ക്കുകയും ആയിരുന്നു.
13കാരന്റെ ഒപ്പം ജോലി ചെയ്തിരുന്ന മറ്റൊരു കുട്ടിയെ കൂടി നാൽവർ സംഘം ഇവരുടെ താവളത്തിലേക്ക് കൊണ്ടുവന്നു. ലോക്ഡൗൺ സമയത്ത് പതിമൂന്നുകാരൻ സുഹൃത്തിനൊപ്പം അവിടെ നിന്ന് രക്ഷപ്പെട്ടു. എന്നാൽ നാൽവർ സംഘം വീണ്ടും ഇവരെ കണ്ടെത്തുകയും ക്രൂരമായി മർദ്ദിച്ചു കൂടെ കൊണ്ടുപോവുകയായിരുന്നു. പിന്നീട് ക്രൂര പീഡനങ്ങൾക്കാണ് പതിമൂന്നുകാരനും സുഹൃത്തും ഇരയായത്.അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
വീണ്ടും സുഹൃത്തും 13 കാരനും അവിടെ നിന്ന് രക്ഷപ്പെട്ടു. റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒരു അഭിഭാഷകനാണ് ഇവരെ വനിതാകമ്മീഷന്റെ അരികിൽ എത്തിച്ചത്. വനിതാ കമ്മീഷൻ നിർദേശത്തെ തുടർന്ന് പോലീസ് എഫ്ഐആർ ഫയൽ ചെയ്തു. ഈ കേസിൽ ഇതുവരെ രണ്ടു പേരാണ് അറസ്റ്റിലായത്.