KeralaNEWS

ട്രയല്‍ റണ്‍ വിജയകരം; ഇനി ‘രാജനഗരി’യിലേക്കും കൊച്ചി മെട്രോ

കൊച്ചി: മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന ടെര്‍മിനല്‍ സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് മെട്രോ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഡിസംബര്‍ 7 വ്യാഴാഴ്ച രാത്രിയാണ് എസ്എന്‍ ജങ്ഷന്‍ മെട്രോ സ്റ്റേഷനില്‍ പരീക്ഷണയോട്ടത്തിന്റെ നടപടികള്‍ ആരംഭിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ ആദ്യ പരീക്ഷണയോട്ടം നടത്തി. ട്രയല്‍ റണ്‍ വിജയകരമാണ്.

വേഗം കുറച്ച്, ഭാരം കയറ്റാതെയാണ് എസ്എന്‍ ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറ മേഖലയിലെ ആദ്യഘട്ട പരീക്ഷണ ഓട്ടം നടത്തിയത്. സിഗ്‌നല്‍ സംവിധാനങ്ങളിലെ കൃത്യത ഉള്‍പ്പെടെ ഉറപ്പുവരുത്തുന്നതിനായി ഈ മേഖലയിലെ ആദ്യ ട്രയല്‍ റണ്‍ സഹായകരമായി. വരും ദിവസങ്ങളിലും ഈ മേഖലയില്‍ പരീക്ഷണയോട്ടം തുടരും. അതേസമയം, മറ്റ് മേഖലകളിലേക്ക് ഭാവിയില്‍ മെട്രോ ലൈന്‍ ദീര്‍ഘിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനും പ്ലാറ്‌ഫോമും നിര്‍മ്മിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചു.

Signature-ad

മൂന്ന് പ്ലാറ്റ്‌ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 1.18 കിലോമീറ്ററിന്റെ നിര്‍മാണമാണ് നിലവില്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. സിഗ്‌നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇവയുടെയും ട്രയല്‍ റണ്‍ ഉടന്‍ ആരംഭിക്കും.

ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്എന്‍ ജങ്ഷന്‍- തൃപ്പൂണിത്തുറ സ്റ്റേഷന്‍ മേഖലയില്‍ ഉള്‍പ്പെട്ട 60 മീറ്റര്‍ ദൂരത്തിലാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലുള്ളത്.

1.35 ലക്ഷം ചതുരശ്ര അടിയില്‍ വിസ്തീര്‍ണ്ണമുള്ള തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്.

 

Back to top button
error: