KeralaNEWS

സ്ത്രീധനം ചോദിക്കുന്നവന്റെ പൗരുഷം വെട്ടി പട്ടിക്കിട്ടു കൊടുക്കണം: ഡോ.പ്രവീൺ ഇറവങ്കര

       തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഡോ.ഷഹാനയുടെ ആത്മഹത്യ മലയാളിയുടെ മനസാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു. ഷഹാനയെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച ഡോ. ഇ.എ റുവൈസിന്റെ കുടുംബം സ്ത്രീധനമായി 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും ആവശ്യപ്പെട്ടുവത്രേ. ഇത് കൊടുക്കാൻ നിവർത്തിയില്ലാതെ വന്നതോടെ വിവാഹം മുടങ്ങി. തുടർന്ന് താമസ സ്ഥലത്ത്  അനസ്തേഷ്യ മരുന്ന് കുത്തിവച്ച് ഡോ.ഷഹാന ആത്മഹത്യ ചെയ്യുകയായിരുന്നു. ‘വിവാഹ വാഗ്ധാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. ഒന്നരക്കിലോ സ്വര്‍ണവും ഏക്കര്‍ കണക്കിന് ഭൂമിയും കൊടുക്കാനില്ല എന്നത് സത്യമാണ്’, ഷഹനയുടെ ആത്മഹത്യാ കുറിപ്പിൽ ഈ കാര്യങ്ങളെല്ലാം വിശദമായി എഴുതിയിരുന്നു. ഒടുവിൽ റുവൈസ് ജയിലഴിക്കുള്ളിലായി.

സമകാലികമായ ഈ സംഭവത്തെ ആസ്പദമാക്കി നോവലിസ്റ്റും തിരക്കഥാ കൃത്തുമായ പ്രവീൺ ഇറവങ്കര എഴുതിയ കുറിപ്പ്:

Signature-ad

ഇവൾ ഡോ.ഷഹാന.
വിടരാതെ വീണു പോയ പൂവ്.
സ്ത്രീധന ബലിയിലെ ഒടുവിലത്തെ ഇര.
ഞാനും നിങ്ങളും ഇന്ന് നാണം കെട്ടു തലതാഴ്ത്തുന്നു.
മുതലക്കണ്ണീർ ഒഴുക്കുന്നു.
നാളെ സൗകര്യപൂർവ്വം മറക്കുന്നു.
അടുത്ത ഇരയ്ക്കു വേണ്ടി കരയാൻ കാത്തിരിക്കുന്നു.

1961ൽ സ്ത്രീധന നിരോധന നിയമം(Dowry Prohibition Act)നിലവിൽ വന്ന നാടാണിത്. 60 വർഷം കഴിഞ്ഞിട്ടും നമുക്കു നേരം വെളുത്തില്ല.
ആത്യാർത്തിയുടെ ചക്രായുധങ്ങൾ നമ്മുടെ സൂര്യനെ മറയ്ക്കുന്നു.
കണ്ണുമൂടിക്കെട്ടി കറുത്ത യുഗത്തിലേക്കെറിയുന്നു.
ലവലേശം ഉളുപ്പില്ലാതെ നമ്മൾ സ്ത്രീധനം ചോദിക്കുകയും കൊടുക്കുകയും ചെയ്യുന്നു.
എന്നിട്ട് സ്ത്രീ തന്നെയാണ് ധനമെന്ന് എഴുതിയും പ്രസംഗിച്ചും ആഘോഷപൂർവ്വം കാലം കഴിക്കുന്നു.

സ്ത്രീധനം ഫണം വിടർത്തി പാമ്പായി അവതരിച്ച ഉത്രയുടെ രാത്രികളും തൂങ്ങിയാടാൻ കയറായി അവതരിച്ച വിസ്മയയുടെ സ്വപ്നങ്ങളും പിന്നെ എണ്ണമില്ലാത്ത അവതാരപ്പിറവികളിൽ ഉടൽ വെടിഞ്ഞ പെണ്ണുങ്ങളുടെ വിലാപങ്ങളും നമ്മുടെ ഉറക്കത്തെ ബാധിക്കുന്നതേയില്ല.
കാരണം അവരാരും നമ്മുടെ മകളല്ല,
പെങ്ങളല്ല, പരിചയക്കാരിയല്ല,
ആരാരുമേയല്ല !
നമുക്കവർ വാർത്തകളിൽ ചിരിക്കുന്ന പെൺ മുഖങ്ങൾ മാത്രം !

ഒരു നിമിഷം കൊണ്ട് ഒരു വെറും ആത്മഹത്യാ വാർത്തയിലൊതുങ്ങിയ ഷഹാന എന്ന പാവം പെണ്ണ്. ഷഹാന ഒരു ഡോക്ടറാകാൻ സഹിച്ചത് എന്തെന്തു ത്യാഗങ്ങളാവും.
ലോകമുറങ്ങുമ്പോൾ എത്രയോ രാത്രികളിൽ അവൾ ഉറക്കമിളച്ചു പഠിച്ചിട്ടുണ്ടാവും !
പകൽക്കാഴ്ചകളുടെ പൂരം കാണാൻ മറന്ന് പരീക്ഷകൾക്കായി തയ്യാറെടുത്തിട്ടുണ്ടാവും !
പക്ഷേ തിരക്കുകൾക്കിടയിൽ എന്നെങ്കിലുമൊക്കെ അവളും കണ്ടുകാണില്ലേ കുറഞ്ഞപക്ഷം ഒരു സ്വപ്നമെങ്കിലും ?
ആ സ്വപ്നത്തെയല്ലേ വ്യാജപ്രണയമേ നീ തല്ലിക്കെടുത്തിയത് ?
നാട്ടുനടപ്പനുസരിച്ച് അവൾ ഒരു ‘തേപ്പുകാരി’യായിരുന്നെങ്കിൽ ഇങ്ങനെ സ്വയം അവസാനിപ്പിക്കില്ലായിരുന്നു.
പൊടിയും തട്ടി അടുത്തവനെ തേടിപ്പോയേനേം!
കല്യാണത്തിന് കാമുകനെ വിളിച്ച് സുഹൃത്തെന്നു ഭർത്താവിനു പരിചയപ്പെടുത്തി ചിരിച്ചു ഫോട്ടോ എടുത്ത് ബിരിയാണി കൊടുത്തുവിട്ടേനേം…!
ഷഹാന ഒരു നല്ല പെണ്ണായിരുന്നു.
പ്രണയം കഥകളിലേതു പോലെയാണെന്നു വിശ്വസിച്ചവളായിരുന്നു.
അല്ലെങ്കിൽ അവൾ ആത്മഹത്യ ചെയ്യില്ലായിരുന്നു !

നിയമത്തിനു മാത്രം ഒരു കുറവുമില്ലാത്ത നാടാണിത്.
ലോകത്ത് ഏതു കേസില്ലാ വക്കീലിന്റെ ഓഫീസിലുമുണ്ടാവും ലക്ഷക്കണക്കിനു രൂപ വില വരുന്ന നിയമപുസ്തകങ്ങൾ!
പക്ഷേ ദുരന്തമെന്നു പറയട്ടെ ഏട്ടിലെ പശു പുല്ലു തിന്ന ചരിത്രമില്ല !
IPC 304 B,498 A പ്രകാരം സ്ത്രീധന മോഹികൾക്ക് തടവും പിഴയും കടുകടുത്ത ശിക്ഷകളുമൊക്കെ പറയുന്നുണ്ടെങ്കിലും ദേശീയ ക്രൈം റിക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ഒരോ മണിക്കൂറിലും ഓരോ സ്ത്രീധന പീഡന മരണങ്ങൾ ഇവിടെ നടന്നുകൊണ്ടിരിക്കുന്നു.
ഓരോ ഷഹാനപ്പൂക്കൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
ഓരോ പെൺചെരാതുകൾ മിഴിയടച്ചുകൊണ്ടിരിക്കുന്നു.

നിയമം കടലാസിലുറങ്ങുമ്പോൾ,
ഉള്ള നിയമം ശക്തമല്ല എന്നു തോന്നുമ്പോൾ,
കാശെറിഞ്ഞ് പ്രതികൾ പുഷ്പസമാനം രക്ഷപ്പെടുന്നത് കാണുമ്പോൾ, ഏതെങ്കിലും നിഷ്കളങ്ക ബുദ്ധികൾ വരും കാലത്തെങ്കിലും നിയമം കയ്യിലെടുത്താൽ അവരെ കുറ്റം പറയാനാവില്ല.
ഇത് വ്യവസ്ഥാപിത നിയമത്തിനു നേരെയുള്ള വെല്ലുവിളിയോ കലാപാഹ്വാനമോ അല്ല.
ഒരു കലാകാരന്റെ കണ്ണീർ നനവുളള കിനാവാണ് .

മേലിൽ സ്ത്രീധനം ചോദിക്കുന്നവന്റെ കാലിന്റെ ഇടയിലുള്ള പുരുഷ സൂചക മാസം പരസ്യവിചാരണാനന്തരം കണ്ടിച്ച് പട്ടിക്ക് ഇട്ടുകൊടുക്കേണ്ടതാണ് !!

NB: ദയവായി ഇതിൽ ജാതിയും മതവും കലർത്തരുത്.
‘ഞങ്ങടെ പെണ്ണിനെ ഞങ്ങൾ കൊന്നാൽ നിങ്ങൾക്കെന്താ പത്രോസേ ?’ എന്നു ചോദിക്കരുത്.
കാരണം ഷഹാനക്ക് ഒറ്റ മതമേ ഉണ്ടായിരുന്നുള്ളു.
അവൾ ഒരു പെണ്ണായിരുന്നു…!
സ്നേഹിക്കാൻ മാത്രമറിയാവുന്ന പെണ്ണ് !

ഷഹാന മാപ്പ്...!

Back to top button
error: