Social MediaTRENDING

തിരുവനന്തപുരത്തിന്റെ അടയാളങ്ങൾ: ഷിനി ലാൽ എഴുതുന്നു:

തിരുവനന്തപുരത്തിൻ്റെ അടയാളങ്ങളിൽ ഒന്നാണ് St Joseph’s metropolitan cathedral.
ഞങ്ങൾ കുട്ടിയായിരുന്നപ്പോൾ ഈ മന്ദിരത്തിന് ചുവപ്പു കലർന്ന കാവി നിറമായിരുന്നു. വിക്ടോറിയൻ ഗാംഭീര്യവും. പത്തിരുപത് വർഷം മുമ്പ് അത് വെള്ളപൂശി ഈ രൂപത്തിൽ ആക്കി. എന്നിട്ടും ഭംഗി ഇല്ലാതായില്ല.
പണ്ട് എൻറെ അമ്മുമ്മയ്ക്ക് ബീമാപള്ളിയിൽ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. കടല് കാണാം എന്ന പ്രതീക്ഷയിൽ ഞാനും ഒപ്പം പോയിരുന്നു. അങ്ങനെ പോയ ഒരു ദിവസം പാളയത്ത് ഇറങ്ങിയപ്പോൾ ‘അതാ ഒരു പള്ളി’ എന്നാൽ ഇവിടെ ഒന്ന് കയറാം എന്ന് പറഞ്ഞു അമ്മൂമ്മ ഈ പള്ളിയിൽ എന്നെയും കൊണ്ട് കയറി. ആറ്റുകാൽ അമ്മച്ചിയോടോ അല്ലാഹുവിനോടോ ഏതെങ്കിലും മൂർത്തികളോടോ എന്നപോലെ എൻറെ അമ്മുമ്മ ഇവിടെയും പ്രാർത്ഥിച്ചു.
അമ്മുമ്മ ഏതു മതമായിരുന്നു എനിക്ക് അന്നും അറിയില്ല, ഇന്നും അറിയില്ല.
 അങ്ങനെ ചുവന്ന നിറത്തിൽ മനസ്സിൽ പതിഞ്ഞ വിക്ടോറിയൻ ഭംഗി ഇപ്പോൾ വെള്ളയിൽ ആറാടി നിൽക്കുന്നു.
പള്ളിക്ക് 150 വയസ്സ് വയസ്സായി. പാളയം ജുമാ മസ്ജിദിനും ഗണപതി അമ്പലത്തിനും ഒപ്പം തിരുവനന്തപുരത്തിൻ്റെ ഒരുമയുടെ പ്രതീകമായ കത്തീഡ്രലിനും അവിടത്തെ പുണ്യാളനും പിന്നെ പ്രിയപ്പെട്ട സഹോദരൻ യേശുവിനും ആശംസകൾ നേരുന്നു.
(ഇന്ത്യൻ റയിവേയിൽ ഉദ്യോഗസ്ഥനും പ്രമുഖ എഴുത്തുകാരനുമാണ് ഷിനി ലാൽ)

Back to top button
error: