മംഗളൂരു: മാണ്ട്യയിൽ ശർക്കര നിർമ്മാണ ശാലയുടെ മറവിലും മൈസൂറുവിലെ സ്വകാര്യ ആശുപത്രികളിലുമായി മൂന്ന് വർഷത്തിനിടെ 3000ത്തോളം പെൺ ഭ്രൂണഹത്യകൾ നടന്നു എന്ന വാർത്ത ആരെയാണ് ഞെട്ടിക്കാത്തത്.
ഭ്രൂണഹത്യ കേസിൽ അറസ്റ്റിലായ മൈസൂറുവിലെ ചന്ദ്രൻ ബല്ലാൾ, തുളസീധരൻ എന്നിവർ ഡോക്ടർമാർ ആണെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നുണ്ടെങ്കിലും അവർ ഡോക്ടർമാർ അല്ലെന്ന് ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. ശർക്കര ഫാക്ടറിയിൽ ഭ്രൂണ ലിംഗ നിർണയമാണ് നടത്തി വന്നത്. മറ്റു കാര്യങ്ങൾ ഡോക്ടർമാർ അല്ലാത്ത പ്രതികളുടെ നിയന്ത്രണത്തിലാണ് നടന്നത്.
ഇതു സംബന്ധിച്ച ചോദ്യം ചെയ്യലിൽ പൊലീസിനു ലഭിച്ചത് നെഞ്ച് പിളർക്കുന്ന മൊഴികളാണ്. ആറുമാസം പ്രായമായ ചോരപ്പൈതങ്ങളെ ജീവൻ മിടിക്കുന്ന അവസ്ഥയിൽ കടലാസിൽ പൊതിഞ്ഞ് കാവേരി നദിയിൽ ഒഴുക്കുക, 12 ആഴ്ച എത്തിയവയെ ആശുപത്രി മാലിന്യങ്ങൾക്കൊപ്പം ചവറ്റുകൊട്ടകളിൽ തള്ളുക… ഇതൊക്കെയായിരുന്നു രീതികൾ. അറസ്റ്റിലായ മൈസൂറു മാത ആശുപത്രിയിലെ ഹെഡ് നഴ്സ് മഞ്ചുളയെ ശനിയാഴ്ച സിഐഡി സംഘം ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
മാസം ശരാശരി 70 ഭ്രൂണങ്ങൾ താൻ കൈകാര്യം ചെയ്തതായി മഞ്ജുള മൊഴി നൽകി.
’12 ആഴ്ച മുതൽ ആറ് മാസം വരെ വളർച്ചയെത്തിയവ ഇവയിലുണ്ടായിരുന്നു. ഇളം ഭ്രൂണങ്ങൾ ആശുപത്രി മാലിന്യങ്ങൾക്കൊപ്പം ചവറ്റുകൊട്ടകളിൽ തള്ളും. നാലു ദിവസം കൊണ്ട് അവ ചീഞ്ഞളിഞ്ഞ് പോവും. ആറു മാസം വളർച്ചയെത്തിയവ പുറത്തെടുത്താൽ അഞ്ചോ പത്തോ മിനിറ്റ് ജീവനോടെയിരിക്കും. ആ പ്രായത്തിൽ കരയാനാവില്ല. കടലാസിൽ പൊതിഞ്ഞ് കേസിലെ പ്രതിയായ നിസാറിന് ഞാനതു കൈമാറും. അയാൾ ഉടൻ കാവേരി നദിയിൽ എറിഞ്ഞ് തെളിവുകൾ ഒഴുക്കിക്കളയും…”
മഞ്ജുള മൊഴിയിൽ പറയുന്നു.
മാണ്ട്യയിൽ ശർക്കര നിർമാണ ശാലയുടെ മറവിലും മൈസൂറിലെ സ്വകാര്യ ആശുപത്രികളിലുമായി മൂന്ന് വർഷത്തിനിടെ 3000ത്തോളം പെൺ ഭ്രൂണഹത്യകൾ നടത്തിയ കേസിന്റെ അന്വേഷണം, സർക്കാർ സിഐഡിക്ക് കൈമാറിയിരുന്നു. ഇതേത്തുടർന്നാണ് സംഘം മഞ്ജുളയുടെ മൊഴിയെടുത്തത്. ഭ്രൂണഹത്യക്ക് ജില്ല ആരോഗ്യ ഓഫീസർമാരുടെ ഒത്താശയുണ്ട് എന്ന കണ്ടെത്തലിനെ തുടർന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു വെള്ളിയാഴ്ച രണ്ട് ജില്ല ആരോഗ്യ ഓഫീസർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഡിഎച്ച്ഒ ചുമതല വഹിച്ച താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ.രാജേശ്വരി, ഡിഎച്ച്ഒയും ജില്ല ആരോഗ്യ ക്ഷേമ ഓഫീസറുമായിരുന്ന ഡോ. രവി എന്നിവർക്ക് എതിരെയാണ് നടപടി.
രാജേശ്വരിയോട് മന്ത്രി നടത്തിയ അന്വേഷണങ്ങൾക്ക് അവർ നൽകിയ മറുപടിയിൽ തടിച്ചുകൂടിയ ആൾക്കൂട്ടം നടത്തിയ ഇടപെടലുകളാണ് അവരുടെ പങ്കാളിത്തം വെളിപ്പെടാൻ വഴിവെച്ചത്. ആരോപണ വിധേയമായ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ട് രണ്ടു വർഷമായെന്ന് രാജേശ്വരി പറഞ്ഞതിനു പിന്നാലെ മൂന്ന് മാസം മുമ്പ് മാത്രമാണ് ആശുപത്രി പ്രവർത്തനം നിലച്ചതെന്ന് ജനങ്ങൾ മന്ത്രിയെ അറിയിക്കുകയായിരുന്നു.
ഡോ. രാജേശ്വരി പഴയ തീയതി വെച്ച് രണ്ടു ദിവസം മുമ്പ് അടച്ചു പൂട്ടൽ നോട്ടീസ് പതിച്ചതായും ജനങ്ങൾ മന്ത്രിയോട് പറഞ്ഞു. ആരോഗ്യ- കുടുംബ ക്ഷേമ കമ്മീഷണർ ഡി. രൺദീപ്, ഡെപ്യൂട്ടി കമ്മീഷണർ ഡോ. കെ വി രാജേന്ദ്ര, പൊലീസ് കമ്മീഷണർ ബി രമേശ്, ഡി ച്ച്ഒ ഡോ. പി സി കുമാര സ്വാമി എന്നിവർക്കൊപ്പമായിരുന്നു മന്ത്രി ആരോപണ വിധേയ കേന്ദ്രം സന്ദർശിച്ചത്.