തിരുവനന്തപുരം: പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ. എം. കുഞ്ഞാമന് (74) അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ ഞായറാഴ്ച വൈകുന്നേരത്തോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ദീര്‍ഘകാലം കേരള സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായാണ് വിരമിച്ചത്. ഇടതുപക്ഷ നിലപാട് പങ്കുവെക്കുന്ന ദളിത് ചിന്തകനും എഴുത്തുകാരനുമായിരുന്ന കുഞ്ഞാമൻ ദളിത്-സാമ്പത്തിക ശാസ്ത്ര മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിനാണ് എം. കുഞ്ഞാമന് ജനിച്ചത്. മണ്ണിയമ്പത്തൂര്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനാണ്. വാടാനംകുറിശ്ശി എല്‍.പി. സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി മുതല്‍ എം.എ. വരെ പാലക്കാട് ഗവ. വിക്ടോറിയ കോളജിലായിരുന്നു പഠനം.
മുന്‍ രാഷ്ട്രപതി കെ. ആർ നാരായണന് ശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്ക് നേടുന്ന ദളിത് വിദ്യാര്‍ത്ഥിയാണ് കുഞ്ഞാമന്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് 1974-ലാണ് അദ്ദേഹം എം.എ റാങ്ക് നേടുന്നത്. തുടർന്ന് തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസില്‍ ‘കേരളത്തിലെ തെക്കന്‍, വടക്കന്‍ ജില്ലകളിലെ ആദിവാസിജീവിതത്തെ കുറിച്ചുള്ള താരതമ്യപഠനം’ എന്ന വിഷയത്തില്‍ ഗവേഷണം. പിന്നീട് ‘ഇന്ത്യയിലെ സംസ്ഥാനതല ആസുത്രണം’ എന്ന വിഷയത്തില്‍ കുസാറ്റില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയാക്കി.
1979 മുതല്‍ 2006 വരെ കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നു. ഇതിനിടെ ഒന്നരവര്‍ഷത്തോളം യു.ജി.സി അംഗവുമായിരുന്നു. 2006-ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് രാജിവെച്ചശേഷമാണ് അദ്ദേഹം തുല്ജാപൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായത്. വിരമിച്ച ശേഷം നാല് വര്‍ഷം കൂടി അദ്ദേഹം അവിടെ തുടര്‍ന്നു.
എതിര് എന്ന അദ്ദേഹത്തിന്റെ ആത്മകഥ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 2021-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ഈ കൃതിക്ക് ലഭിച്ചെങ്കിലും കുഞ്ഞാമൻ അത് നിരസിച്ചു.