KeralaNEWS

“ഈ മനുസൻ തളരില്ല, കോൺഗ്രസ്‌ തോൽക്കില്ല, തിരിച്ച്‌ വരും” എന്ന് രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്‌ ബിജിഎമ്മും ചേർത്ത്‌ കോണ്‍ഗ്രസുകാര്‍ വരും… അടിപതറിയ കോണ്‍ഗ്രസിനെയും രാഹുൽ ​ഗാന്ധിയെയും പരിഹസിച്ച് പിവി അൻവര്‍

നിലമ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ അടിപതറിയ കോണ്‍ഗ്രസിനെ പരിഹസിച്ച് പിവി അൻവര്‍ എംഎല്‍എ. വയനാട് എംപിയായ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത രീതിയിലാണ് അൻവര്‍ പരിഹസിച്ചിട്ടുള്ളത്. “ഈ മനുസൻ തളരില്ല, കോൺഗ്രസ്‌ തോൽക്കില്ല, തിരിച്ച്‌ വരും” എന്ന് രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്‌ ബിജിഎമ്മും ചേർത്ത്‌ കോണ്‍ഗ്രസുകാര്‍ വരുമെന്നാണ് അൻവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Signature-ad

പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധഭൂമിയിൽ നിന്നാണ്. ഇല്ലെങ്കിൽ യുദ്ധം തോൽക്കും. അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല. വയനാട്ടിലല്ല, സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നതെന്നും അൻവര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് ബിജെപി തിളങ്ങും വിജയത്തിലേക്കാണ് നീങ്ങുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലനിർത്തിയ ബിജെപി രണ്ടിടത്തും മികച്ച ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ചു.

തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ഭരണത്തുടർച്ച പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ കോൺഗ്രസ് മത്സരിക്കാനിറങ്ങിയ ഛത്തീസ്ഗഡും ജനം പാർട്ടിയെ കൈവിട്ടു. എവിടെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിക്കാതെ മോദി പ്രഭാവം പ്രചാരണായുധമാക്കിയ ബിജെപി തന്ത്രം ലക്ഷ്യം കണ്ടു. രാജസ്ഥാൻ അടക്കം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന നേതാക്കളെ എല്ലാവരെയും ഒപ്പം നിര്‍ത്താനായതാണ് ബിജെപിക്ക് വലിയ നേട്ടമായത്. രാജസ്ഥാനിലെ കോൺഗ്രസ് തമ്മിലടിയും ഭരണവിരുദ്ധ വികാരവും ബിജെപിക്ക് നേട്ടമായി.

നാലു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൂന്നിടങ്ങളില്‍ ബിജെപി ഭരണം ഏറെക്കുറെ ഉറപ്പാക്കിയതിനിടെ വോട്ടിങ് യന്ത്രത്തെ പഴിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ബിജെപി കുതിപ്പ് തുടരുന്നത്. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികാരം പിടിച്ചെടുക്കാനായത്. ഇതിനിടെയാണ് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Back to top button
error: