പാറ്റ്ന: അധ്യാപകനെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം ചെയ്യിച്ചു. ബീഹാറിലെ വൈശാലി ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. തോക്കു ചൂണ്ടിയായിരുന്നു 23 വയസുകാരന്റെ വിവാഹം നടത്തിയത്. വിവരം ലഭിച്ചെത്തിയ പൊലീസ് സംഘം ഇയാളെ പിന്നീട് രക്ഷപ്പെടുത്തുകയായിരുന്നു.
ഗൗതം കുമാര്‍ എന്നയാളെയാണ് സ്കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. അടുത്തിടെയാണ് ഇദ്ദേഹത്തിന് അധ്യാപകനായി ജോലി ലഭിച്ചത്. സംഭവ ദിവസം ഗൗതം കുമാര്‍ സ്കൂളില്‍ നില്‍ക്കുമ്പോഴാണ് ഒരു വാഹനം സ്കൂള്‍ കോമ്പൗണ്ടിലെത്തിയത്. വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയവര്‍ ഗൗതം കുമാറിനെ പിടിച്ചുവലിച്ച് വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു എന്നാണ് പരാതി.
അജ്ഞാത കേന്ദ്രത്തിലാണ് അധ്യാപകനെ സംഘം വാഹനത്തില്‍ കൊണ്ടുപോയത്. അവിടെ വെച്ച് തോക്ക് ചൂണ്ടി നിര്‍ബന്ധിച്ച് വിവാഹം നടത്തുകയായിരുന്നു. ചന്ദനി കുമാരി എന്ന യുവതിയെയാണ് വിവാഹം ചെയ്യിച്ചത്. സംഭവം അറിഞ്ഞ് പിറ്റേ ദിവസം പൊലീസ് സംഘം അന്വേഷിച്ചെത്തുകയായിരുന്നു. യുവാവിനെ സംഘത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചു. വിവാഹം ചെയ്യിച്ച യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടതായും പൊലീസ് വെള്ളിയാഴ്ച അറിയിച്ചു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവായ രാകേഷ് റായ് എന്നയാളെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്തിടെ ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പാസായാണ് യുവാവിന് സര്‍ക്കാര്‍ ജോലി ലഭിച്ചത്. നാല് പേരടങ്ങിയ സംഘമാണ് നിയമനം ലഭിച്ച സ്കൂളിലെത്തി തട്ടിക്കൊണ്ട് പോയത്. ഇയാളുടെ ബന്ധുക്കള്‍ ബുധനാഴ്ച രാത്രി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ചയാണ് ഗൗതം കുമാറിനെ കണ്ടെത്തിയത്.
നിര്‍ബന്ധിച്ച് നടത്തിയ വിവാഹം അംഗീകരിക്കാനാവില്ലെന്ന് ഗൗതം കുമാര്‍ പിന്നീട് പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള വിവാഹം ബീഹാറില്‍ ഇത് ആദ്യമായല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ രോഗിയായ വളര്‍ത്തു മൃഗത്തെ പരിശോധിക്കുന്നതിന് വിളിച്ചുവരുത്തിയ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചിരുന്നു. സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായിരുന്ന 29 വയസുകാരനെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യിച്ച വാര്‍ത്തയും നേരത്തെ ബീഹാറില്‍ നിന്ന് പുറത്തുവന്നിരുന്നു.