ഐസ്വാൾ: മിസോറാമിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റി തെരെഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ തീയതി മാറ്റണമെന്ന ആവശ്യമുന്നയിച്ച് കമ്മീഷന് നിരപധി പേർ പരാതി നൽകിയിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മിസോറാമിൽ ഞായറാഴ്ച പ്രാർത്ഥനയടക്കമുള്ള ചടങ്ങുകൾ നടക്കാനുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യമുന്നയിച്ചത്. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഞായറാഴ്ച രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ വോട്ടെണ്ണൽ നിശ്ചയിച്ച പ്രകാരം നടക്കും. നവംബർ ഏഴിന് ഒറ്റ ഘട്ടമായാണ് മിസോറാമിലെ തെരഞ്ഞെടുപ്പ് നടന്നത്. 40 അസംബ്ലി മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
അതേസമയം അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൻറെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു. മധ്യപ്രദേശ് ബിജെപി നിലനിർത്തുമെന്ന് ഭൂരിപക്ഷം സർവേകളും പ്രവചിക്കുമ്പോൾ രാജസ്ഥാനിൽ ഇന്ത്യ ടുഡെ ആക്സിസ് മൈ ഇൻഡ്യ പോൾ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസ് പിടിക്കുമെന്ന ഭൂരിപക്ഷ പ്രവചനം മിസോറാമിൽ ഭരണമാറ്റ സാധ്യതയും കാണുന്നു.
മധ്യപ്രദേശിൽ 140 മുതൽ 162 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ പോൾ പ്രവചിക്കുന്നു. കോൺഗ്രസിന് 68 മുതൽ 90 സീറ്റു വരെ കിട്ടാം. മറ്റുള്ളവർ 3 സീറ്റുകളിലേക്ക് ഒതുങ്ങാം. ജൻ കി ബാത്ത്, ടുടെഡെയ്സ് ചാണക്യ തുടങ്ങിയ എക്സിറ്റ് പോൾ പ്രവചനങ്ങളും ബിജെപി ഭരണം നിലനിർത്തുന്നതിൻറെ സൂചന നൽകുന്നു. അതേസമയം, ടി വി നയൻ ഭാരത് വർഷ് പോൾ സ്ട്രാറ്റ് എക്സിറ്റ്പോൾ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രവചിക്കുന്നു. 111 മുതൽ 128 സീറ്റ് വരെ കിട്ടാം. ദൈനിക് ഭാസ്കറിൻറെ പ്രവചനവും കോൺഗ്രസിന് അനുകൂലമാണ്. സ്ത്രീവോട്ടർമാരുടെ നിലപാട് മധ്യപ്രദേശിൽ നിർണ്ണായകമാകാമെന്നാണ് വിലയിരുത്തൽ.