IndiaNEWS

ആർഎസ്എസ്സിന്റേത് സ്ത്രീകളെ അകറ്റി നിർത്തുന്ന പുരുഷ കേന്ദ്രീകൃത അധികാര വ്യവസ്ഥ: രാഹുൽ ഗാന്ധി

കൊച്ചി: പത്ത് വർഷത്തിനകം രാജ്യത്തെ മുഖ്യമന്ത്രിമാരിൽ അമ്പത് ശതമാനവും സ്ത്രീകളാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് രാഹുൽ ഗാന്ധി. ആർഎസ്എസ്സിന്റേത് സ്ത്രീകളെ അകറ്റി നിർത്തുന്ന പുരുഷ കേന്ദ്രീകൃത അധികാര വ്യവസ്ഥയാണെന്നും കോൺഗ്രസ് ഇതിൽ നിന്ന് വ്യത്യസ്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിൽ പതിനായിരക്കണക്കിന് മഹിള കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. മഹിളാ കോൺഗ്രസിന്റെ പരിപാടിയിൽ വേദിയിലെ പുരുഷ ധാരാളിത്തം ചൂണ്ടികാട്ടിയും രാഹുൽ വിമർശനമുന്നയിച്ചു. സദസ്സ് നിറഞ്ഞു സ്ത്രീകളുണ്ടെങ്കിലും വേദിയുടെ മുൻ നിരയിൽ പുരുഷ ധാരാളിത്തമാണ് കാണുന്നതെന്നായിരുന്നു രാഹുലിന്‍റെ വിമർശനം.

പുരുഷന്മാരേക്കാൾ സ്ത്രീകൾ കഴിവുറ്റവരാണെന്നാണ് തന്‍റെ അഭിപ്രായം. എന്ത് ധരിക്കണം, എന്ത് പറയണം, എന്ത് ജോലി ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്. ഇത് അംഗീകരിക്കാത്ത നിലപാടാണ് ആർ എസ് എസ്സിന്. സ്ത്രീപീഡനം അതിജീവിച്ചവരെയും അവരുടെ വസ്ത്രത്തെ ചൂണ്ടി വീണ്ടും പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപനമാണ് ആർ എസ് എസ്സിന്‍റേതെന്നും രാഹുൽ വിമർശിച്ചു. വനിത ബില്ലിൽ കേന്ദ്രസർക്കാരിന്‍റെ ഇരട്ടത്താപ്പ് പ്രകടമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Signature-ad

സംസ്ഥാന മഹിള കോൺഗ്രസ് പുനസംഘടന പൂർത്തിയാക്കിയ ശേഷം നടത്തിയ കൺവെൻഷനിൽ പതിനായിരക്കണക്കിന് മഹിള കോൺഗ്രസ് പ്രവ‍ർത്തകരാണ് പങ്കെടുത്തത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരിപാടി തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് മുന്നൊരുക്കം കൂടിയായി. സാങ്കേതിക പ്രശ്നം കാരണം കുഴഞ്ഞ പരിഭാഷകയ്ക്ക് തന്‍റെ രണ്ട് മൈക്കിൽ ഒന്ന് കൈമാറിയാണ് വേദിയിലേക്ക് ചൂണ്ടി രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്.

Back to top button
error: