SportsTRENDING

വിജയ് ഹസാരെയിലും ദയനീയ പ്രകടനം; സഞ്ജുവിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ

ബംഗളൂരു: ഐപിഎല്ലില്‍ ദീര്‍ഘകാലമായി കളിക്കുന്ന താരമാണെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇതുവരെ തന്റെ സ്ഥാനം സുരക്ഷിതമാക്കാന്‍ മലയാളി താരമായ സഞ്ജു സാംസണിന് സാധിച്ചിട്ടില്ല.

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച റെക്കോര്‍ഡുണ്ടെങ്കിലും ടി20 ക്രിക്കറ്റില്‍ സഞ്ജുവിന് ഇതുവരെ മികവ് പുലര്‍ത്താനായിട്ടില്ല. ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമായിട്ടുണ്ടായിരുന്നെങ്കിലും പിന്നീടൊരിക്കലും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല.

Signature-ad

സഞ്ജുവിനെ ബിസിസിഐ അവഗണിക്കുന്നുവെന്ന വാദം ശക്തമാണെങ്കിലും ബിസിസിഐ തീരുമാനത്തില്‍ തെറ്റില്ലെന്ന് സ്ഥാപിക്കുന്ന പ്രകടനങ്ങളാണ് അടുത്തിടെ നടന്ന എല്ലാ മത്സരങ്ങളിലെയും സഞ്ജുവിന്റെ പ്രകടനങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ ടീമില്‍ ഇടമില്ലാത്തതിനാല്‍ ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന സഞ്ജു സയ്ദ് മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും ദയനീയമായ പ്രകടനമാണ് നടത്തുന്നത്.

വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ നാല് ഇന്നിങ്ങ്‌സില്‍ നിന്നും 25.25 ശരാശരിയില്‍ 101 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. മുംബൈയ്‌ക്കെതിരെ നേടിയ 55 റണ്‍സാണ് ഇതില്‍ എടുത്തുപറയാവുന്ന ഏക പ്രകടനം. ഇന്നലെ ത്രിപുരക്കെതിരെ നടന്ന മത്സരത്തില്‍ വെറും ഒരു റണ്‍സ് മാത്രമായിരുന്നു കേരളത്തിന്റെ നായകന്റെ സമ്ബാദ്യം. വിജയ് ഹസാരെ ട്രോഫിയിലും മോശം പ്രകടനമായ സാഹചര്യത്തില്‍ ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ എന്ന് വേണം കരുതാൻ.ഐപിഎല്ലിലും മോശം പ്രകടനം തുടര്‍ന്നാൽ സഞ്ജുവിന് കാര്യങ്ങള്‍ കഠിനമാകുമെന്ന് ഉറപ്പാണ്.

അതേസമയം വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരക്കെതിരെ കേരളത്തിന് വമ്ബന്‍ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 47.1 ഓവറില്‍ 231 റണ്‍സെടുത്തപ്പോള്‍ ത്രിപുരയുടെ മറുപടി 27.1 ഓവറില്‍ 112 റണ്‍സില്‍ അവസാനിച്ചു.

കേരളത്തിനായി അഖില്‍ സ്‌കറിയ 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അഖിന്‍ സത്താര്‍ 27 രണ്‍സിന് മൂന്നും വൈശാഖ് ചന്ദ്രന്‍ 14 റണ്‍സിന് രണ്ടും വിക്കറ്റും വീഴ്ത്തി. നാലു കളികളില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ത്രിപുരയെ മറികടന്ന് കേരളം രണ്ടാം സ്ഥാനത്തേക്ക് കയറി. മുംബൈയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 20 ഓവറില്‍ 95 റണ്‍സടിച്ചു. 44 റണ്‍സെടുത്ത രോഹന്‍ പുറത്തായതിന് പിന്നാലെ സ്‌കോര്‍ 122ല്‍ നില്‍ക്കെ അസ്ഹറുദ്ദീനും(58), ക്യാപ്റ്റന്‍ സഞ്ജു സാംസണും(1), സച്ചിന്‍ ബേബിയും(14), വിഷ്ണു വിനോദും(2) മടങ്ങിയതോടെ 122-1ല്‍ നിന്ന് കേരളം 131-5ലേക്ക് കൂപ്പുകുത്തി.

പിന്നീട് അഖില്‍ സ്‌കറിയയും(22), ശ്രേയസ് ഗോപാലും(41) ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

Back to top button
error: