Movie

‘കാതൽ’ തരംഗമാകുന്നു: ‘ഞെട്ടിച്ചു കളഞ്ഞെ’ന്ന് ബേസില്‍ ജോസഫ്

   മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ‘കാതൽ’ ആദ്യദിനം തന്നെ  മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്നു. മനുഷ്യജീവിതത്തിലെ സങ്കീർണ്ണതകൾ, ബന്ധങ്ങൾ, സാമൂഹിക മാനദണ്ഡങ്ങൾ എന്നിവയെ കുറിച്ച് സംസാരിക്കുന്ന ചിത്രം ധീരമായൊരു  ശ്രമം എന്നാണ് പുറത്തുവന്ന ആദ്യ പ്രതികരണങ്ങൾ.

റിട്ടയേർഡ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായ ജോർജ്ജ് ദേവസ്സിയുടെയും ഭാര്യ ഓമനയുടെയും ജീവിതമാണ് ‘കാതൽ’ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ജോർജ്. എന്നാൽ അതേസമയം ഭാര്യ ഓമന വിവാഹമോചനത്തിന് കോടതിയെ സമീപിക്കുന്നു. ജോർജ് ദേവസ്സിയുടെ ജീവിതത്തിൽ ഒരു ഇരുണ്ട ഭൂതകാലമുണ്ടോ …?

Signature-ad

 “നിലവിലെ എല്ലാ സമവാക്യങ്ങളും തകർത്തിരിക്കുകയാണ് മമ്മൂട്ടി.  ഇതുപോലൊരു കഥാപാത്രം തിരഞ്ഞെടുക്കുന്നത് തന്നെ ഒരു ബെഞ്ച് മാർക്കാണ്, ഇത്തരമൊരു ചിത്രം നിർമ്മിച്ചു എന്നത് മറ്റൊന്നും. കയ്യടി അർഹിക്കുന്ന പ്രകടനം. മമ്മൂട്ടിയും അദ്ദേഹത്തിന്റെ മമ്മൂട്ടി കമ്പനിയും തീർച്ചയായും ചില വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ജ്യോതികയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വേഷം, ഇതുപോലെ സോളിഡായൊരു കഥാപാത്രം ലഭിക്കുക എന്നത് ഏതൊരു നടിയുടെയും സ്വപ്നമാണ്. ഓമന അവിസ്മരണീയമായി മാറും. അനഘ രവിയും അച്ഛൻ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.”
സമുഹ മാധ്യമത്തിൽ ഒരു ആസ്വാദകൻ എഴുതി.

മികച്ച പ്രകടനങ്ങളും, ആകർഷകമായ കഥപറച്ചിലും,  ബോൾഡായ സമീപനവും കൊണ്ട് ചിത്രം വേറിട്ടുനിൽക്കുന്നു എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ കുറിക്കുന്നത്. മികച്ച ചിത്രങ്ങൾ തേടിയുള്ള മമ്മൂട്ടി കമ്പനിയുടെ യാത്രയിൽ മറ്റൊരു പൊൻതൂവലായി മാറുകയാണ് കാതൽ.

ഇതിനിടെ  ആദ്യദിനം തന്നെ ചിത്രം കണ്ട സംവിധായകന്‍ ബേസില്‍ ജോസഫ് ചിത്രത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ചു:

“നല്ല സിനിമയായിരുന്നു ‘കാതൽ.’ ഉഗ്രന്‍. ഞെട്ടിച്ചുകളഞ്ഞു. ഭയങ്കര സമകാലിക പ്രസക്തിയുള്ള വിഷയമാണ്. ഗൗരവമുള്ളതും സെന്‍സിറ്റീവ് ആയതുമായ വിഷയം. വളരെ വൃത്തിയായിട്ട് എടുത്തിട്ടുമുണ്ട്. മമ്മൂക്കയും ജ്യോതിക മാമും ജിയോ ചേട്ടനും പോള്‍സണ്‍, ആദര്‍ശ് എല്ലാവരും കൈയടി അര്‍ഹിക്കുന്നു. ഇങ്ങനെ ഒരു സിനിമ ചെയ്യാനുള്ള മനസ് കാണിക്കുക എന്നത് തന്നെ വലിയ നേട്ടമാണ്. സിനിമ കാണുമ്പോള്‍ ഇമോഷണല്‍ ആവും. റിലേറ്റ് ചെയ്യാന്‍ പറ്റും”
ബേസില്‍ അഭിപ്രായപ്പെട്ടു.

ഗോവന്‍ മേളയിൽ  രാജ്യാന്തര പ്രീമിയറായി പ്രദര്‍ശിപ്പിച്ച ‘കാതൽ’ ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും  പ്രദര്‍ശിപ്പിക്കും.

Back to top button
error: