IndiaNEWS

പ്രകാശ് രാജിന് ഇ.ഡി നോട്ടീസ്, നടൻ ബ്രാൻഡ് അംബാസിഡറായ ജ്വല്ലറി 100 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി എന്നതാണ് കേസ്

     ഇ.ഡിയെ രംഗത്തിറക്കി ശത്രുക്കളെ സംഹരിക്കുക എന്നതാണ് ബിജെപി നയം. നടൻ പ്രകാശ് രാജിനെതിരെ വജ്രായുധം വീശിക്കൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  രംഗത്തെത്തിയിക്കുന്നു. 100 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രകാശ് രാജിന് ഇഡി നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരമാണ് സമൻസ് വന്നിരിക്കുന്നത്.

ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ശക്തമായി വിമർശിക്കുന്ന പ്രകാശ് രാജ് അവരുടെ കണ്ണിലെ കരടായി മാറിയിട്ട് കാലമേറെയായി. ബിജെപി പ്രതികാരം തീർക്കുകയാണെന്ന വിമർശനവും ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നിട്ടുണ്ട്.

ഒരു ജ്വല്ലറി ഉടമയുൾപ്പെട്ട 100 കോടി രൂപയുടെ പോൺസി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പ്രകാശ് രാജിനെ ഇഡി ചോദ്യം ചെയ്യുന്നത്. പോൺസി സ്കീമിലൂടെ നിക്ഷേപകരെ കബളിപ്പിച്ച് 100 കോടി രൂപയോളം തട്ടിയെന്നാണ് ഗ്രൂപ്പിനെതിരായ ആരോപണം.

ആരോപണ വിധേയരായ പ്രണവ് ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു പ്രകാശ് രാജ്. ചെന്നൈയിലുള്ള കേന്ദ്ര ഏജൻസിയുടെ ഓഫീസിൽ ഹാജരാകണമെന്നാണ് പ്രകാശ് രാജിന് നൽകിയിരിക്കുന്ന നിർദ്ദേശം.

നിക്ഷേപ തട്ടിപ്പ് സംബന്ധിച്ചുള്ള പരാതിയിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകളും 23.70 ലക്ഷം രൂപയുടെ കണക്കിൽ പെടാത്ത പണവും 11.60 കിലോഗ്രാം തൂക്കമുള്ള സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തിരുന്നു. പുതുച്ചേരി ആസ്ഥാനമായ സ്ഥാപനത്തിന് ചെന്നൈ ഉൾപ്പെടെ തമിഴ്നാടിൻ്റെ വിവിധ ഭാഗങ്ങളിലും നിരവധി ശാഖകളുണ്ട്.

മികച്ച റിട്ടേൺ വാഗ്ദാനം ചെയ്തായിരുന്നു പണം സ്വരൂപിച്ചത്. നിലവിലുള്ള നിക്ഷേപകർക്ക് പുതിയ നിക്ഷേപകരിൽ നിന്നും സ്വീകരിക്കുന്ന പണം നൽകുകയും ഭാവിയിൽ മികച്ച വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുന്ന സംവിധാനമാണ് പോൺസി പദ്ധതി. എന്നാൽ, ഇതിൽ പരാജയപ്പെട്ടതോടെയാണ് ജ്വല്ലറിക്കെതിരെ കേസെടുത്തത്.

Back to top button
error: