കൊല്ലം: ഭര്‍ത്താവ് തൂങ്ങിമരിച്ച് മണിക്കൂറുകള്‍ക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഭര്‍ത്താവ് തൂങ്ങിമരിച്ച ദിവസം വൈകിട്ട് ഏഴുമണിയോടെ ഭാര്യ രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നാണ് പരാതി. ഒളിച്ചോടിയ സമയം ഭര്‍ത്താവിന്റെ മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറി സൂക്ഷിച്ചിരിക്കുകയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് വിദേശത്തുനിന്നും ഭര്‍ത്താവ് നാട്ടിലെത്തിയത്.
ഒളിച്ചോടിയ പെണ്‍കുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരിന്നുവെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഈ വിവരം അറിഞ്ഞ ഭര്‍ത്താവ് ഭാര്യയുമായി ചില തര്‍ക്കങ്ങളും ബഹളവും കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ നടന്നിരിന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചില ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഭാര്യ കാമുകനോടൊപ്പം പോകണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവാവ് വീടിനുള്ളില്‍ തിങ്കളാഴ്ച്ച തൂങ്ങിമരിച്ചത്.
യുവാവ് തൂങ്ങിമരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഭാര്യ കാമുകനോടൊപ്പം രണ്ട് വയസുള്ള മകളെ ഉപേക്ഷിച്ച് നാടുവിട്ടതെന്നാണ് പരാതി. യുവാവിന്റെ മരണത്തില്‍ ചടയമംഗലം പോലീസ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതിനെ തുടര്‍ന്ന് മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. യുവാവ് തൂങ്ങിമരിക്കാന്‍ കാരണക്കാരായവര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. യുവതിയും കാമുകനും ആയൂര്‍ അമ്പലമുക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒന്നിച്ച് ജോലി ചെയ്തു വരികയായിരുന്നു.